പത്തനംതിട്ട: തിരുവിതാംകൂർ ഹിന്ദുധർമ്മ പരിഷത്തിന്റെ ആഭിമുഖ്യത്തിലുള്ള 74 -ാമത് റാന്നി ഹിന്ദുമഹാസമ്മേളനം റാന്നി പമ്പാമണൽപ്പുറത്തെ ശ്രീധർമ്മശാസ്താ നഗറിൽ 26ന് ആരംഭിച്ച് ഫെബ്രുവരി രണ്ടിന് സമാപിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 26ന് രാവിലെ 8.30ന് ശാസ്താംകോവിൽ ക്ഷേത്രത്തിൽ നിന്ന് ഭദ്രദീപം എഴുന്നെള്ളത്ത്. 9.30ന് പരിഷത്ത് പ്രസിഡന്റ് പി.എൻ.നീലകണ്ഠൻ നമ്പൂതിരി പതാക ഉയർത്തും. 9.45ന് രവിവാരപാഠശാല വിദ്യാർത്ഥികളുടെ മത്സരങ്ങൾ, വൈകിട്ട് 4.30ന് ശ്രീരാമദാസമിഷൻ ദേശീയ സെക്രട്ടറി ശ്രീശക്തി ശാന്താനന്ദ മഹർഷി ഉദ്ഘാടനം ചെയ്യും. മിസോറാം മുൻ ഗവർണർ കുമ്മനം രാജശേഖരൻ അദ്ധ്യക്ഷനാകും. സ്വാമി വേദാനന്ദ സരസ്വതി അനുഗ്രഹപ്രഭാഷണം നടത്തും. തുടർന്നുള്ള വിവിധ ദിവസങ്ങളിൽ അയ്യപ്പ ധർമ്മസമ്മേളനം,ആചാര്യാനുസ്മരണസമ്മേളനം,സാംസ്‌കാരികസമ്മേളനം,യുവജനസമ്മേളനം,ക്ഷേത്രഭരണസമിതി സമ്മേളനം,ഭഗവത് ഗീതാസമ്മേളനം വനിതാസമ്മേളനം എന്നിവ നടക്കും.
വിവിധ സമ്മേളനങ്ങളിൽ കെ.പി.ശശികല , അലി അക്ബർ, പള്ളിക്കൽ സുനിൽ, സ്വാമി പൂർണ്ണാമൃതാനന്ദപുരി, സ്വാമി ഉദിത് ചൈതന്യ, രാജേഷ് നാദാപുരം, എം.ടി.രമേശ്, ഗോപാലകൃഷ്ണ വൈദിക്, തന്ത്രിമുഖ്യൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, മാലേത്ത് സരളാദേവി, കെ.കൃഷ്ണൻ കുട്ടി, സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ, സജികുമാർ ഓതറ, ബി.കൃഷ്ണപ്രസാദ്, കണ്ഠര് മഹേഷ് മോഹനര്, ശബരീനാഥ്, ജയസൂര്യൻ പാലാ, പ്രയാർ ഗോപാലകൃഷ്ണൻ, ഡോ.വി.പി.വിജയമോഹൻ, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, രാജയോഗി ബ്രഹ്മകുമാരി ഉഷ ബഹൻജി, സ്വാമിനി ജ്ഞാനാഭനിഷ്ഠ, സീമാ.ജി.നായർ, വി.ജി.രാമചന്ദ്രൻ ഉണ്ണിത്താൻ, ഒ.എസ്. ഉണ്ണികൃഷ്ണൻ, ഗിരീഷ് ചിത്രാലയം, ബി.കൃഷ്ണകുമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, അന്റോ അന്റണി എംപി, രാജു ഏബ്രഹാം എംഎൽഎ എന്നിവർ സംസാരിക്കും.
പത്രസമ്മേളനത്തിൽ പി.എൻ.നീലകണ്ഠൻ നമ്പൂതിരി, ടി .സി.കുട്ടപ്പൻ നായർ, ശ്രീനി ശാസ്താംകോവിൽ, കെഗോപാലകൃഷ്ണക്കുറുപ്പ്, കെ.കെ.വിക്രമൻ എന്നിവർ പങ്കെടുത്തു.