sabarimala

ശബരിമല : മണ്ഡല - മകരവിളക്ക് തീർത്ഥാടനം പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്ക്കുമ്പോഴും കാണിക്ക എണ്ണിത്തീർന്നിട്ടില്ല. അഞ്ചുകോടിയോളം രൂപയുടെ നാണയങ്ങൾ ഇനിയും എണ്ണാനുണ്ട്. ഇതിനായി ഫെബ്രുവരി 5 ന് ഭണ്ഡാരം വീണ്ടും തുറക്കും. ഭണ്ഡാരത്തിൽ ജീവനക്കാർ കുറവായതിനാലാണ് കാണിക്ക എണ്ണിത്തീരാൻ വൈകുന്നത്. പുതിയ ഭണ്ഡാരത്തിലെ സ്ഥലപരിമിതിയും പ്രശ്നമായിരുന്നു. തുടർന്ന് പഴയ ഭണ്ഡാരം കൂടി തുറന്നു. രണ്ട് ഘട്ടങ്ങളിലായി ഇരുനൂറോളം പേരെയും കാണിക്ക എണ്ണുന്നതിനായി നിയമിച്ചു. പക്ഷേ ഇവരിൽ മിക്കവരും തിരികെപ്പോയി.

തിരുപ്പതി മോഡലിൽ നാണയങ്ങൾ തൂക്കി എണ്ണിത്തിട്ടപ്പെടുത്താൻ ഇത്തവണ സംവിധാനമുണ്ട്. പക്ഷേ നാണയങ്ങൾ തരം തിരിച്ചാലേ ഇത് നടക്കു. 40 ചാക്കോളം കാണിപ്പണവും നെയ്യ്, മഞ്ഞൾ എന്നിവ പിടിച്ച 5 പെട്ടി നോട്ടും എണ്ണാൻ വേറെയുണ്ട്. ഇത് കാരം ഉപയോഗിച്ച് കഴുകി ഉണക്കിയെടുക്കേണ്ടി വരും. വീണ്ടും ഭണ്ഡാരം തുറന്ന് അടയ്ക്കുന്നത് വരെ ആശുപത്രിയും മെസും മറ്റും പ്രവർത്തിക്കേണ്ടി വരുന്നതിനാൽ ബോർഡിന് സാമ്പത്തിക നഷ്ടവുമുണ്ടാകും. ഇന്നലെ വരെ 263 കോടി രൂപയാണ് ഇൗ സീസണിലെ തിട്ടപ്പെടുത്തിയ നടവരുമാനം. നാണയം കൂടി എണ്ണുന്നതോടെ ഇത് 268 കോടിയിലെത്തുമെന്ന് കരുതുന്നു.