പത്തനംതിട്ട: ഭാഗ്യക്കുറികളുടെ നാലക്ക സമ്മാന ടിക്കറ്റുകൾ ബിനാമി ഏജന്റുമാർ കൈക്കലാക്കുന്നതായി ചില്ലറ വിൽപ്പനക്കാരുടെ പരാതി. യന്ത്രം ഉപയോഗിച്ചുള്ള നറുക്കെടുപ്പ് വന്ന ശേഷം 5000, 2000, 1000, 500, 100 എന്നീ സമ്മാനങ്ങളുടെ ടിക്കറ്റുകൾ കുറയുന്നു. ധാരാളം സമ്മാനങ്ങൾ ലഭിക്കുന്നതായി അറിയിപ്പ് വരുന്നുണ്ടെങ്കിലും ചില്ലറ ലോട്ടറി വിതരണക്കാർ വിൽക്കുന്ന ടിക്കറ്റുകൾക്ക് സമ്മാനം ലഭിക്കുന്നില്ല.സംസ്ഥാനത്ത് രണ്ടുലക്ഷം കുടുംബങ്ങളോളം ലോട്ടറി വിതരണം നടത്തി ഉപജീവനം നടത്തുന്നുണ്ട്. സർക്കാർ നൽകുന്ന എല്ലാ ലോട്ടറി ടിക്കറ്റുകളും വിതരണം ചെയ്യുന്നുണ്ട്.
എന്നാൽ, ലോട്ടറി വാങ്ങുന്നവർക്ക് നാലക്ക സമ്മാനങ്ങൾ ലഭിക്കുന്നില്ല. ഉദ്യാഗസ്ഥരും ചില ബിനാമി ലൈസൻസുകാരും തമ്മിലുള്ള രഹസ്യ ഇടപാടാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു.
നറുക്കെടുപ്പ് യന്ത്രത്തിന്റെ പ്രവർത്തനം അറിയാവുന്ന ഉദ്യോഗസ്ഥർ സമ്മാനം അടിക്കുമെന്ന് ഉറപ്പുള്ള നമ്പരുകളിലെ ടിക്കറ്റുകൾ ബിനാമികൾക്ക് കൈമാറുകയാണ്. ഇവർ ടിക്കറ്റുകൾ കൈവശം വക്കും. വിൽപ്പന നടത്താറില്ല. അയ്യായിരം രൂപയുടെ സമ്മാനം 10,000 പേർക്കാണ് ലഭിക്കേണ്ടത്. ഇത് 5.40 കോടി
വരും. ഒന്നാം സമ്മാനം ലഭിക്കുന്നതിന് തുല്യമാണിത്. അയ്യായിരം രൂപയുടെ ടിക്കറ്റുകൾ ജില്ലയിൽ ഏതൊക്കെ ഏജന്റുമാർക്കാണ് കൊടുത്തത് എന്നറിയാൻ വിവരാവകാശ നിയമപ്രകാരം ഭാഗ്യക്കുറി ഡയറക്ടറേറ്റിൽ അന്വേഷിച്ചപ്പോൾ അവർ ജില്ലാ ഭാഗ്യക്കുറി ഓഫീസിന് കൈമാറിയിരുന്നു. എന്നാൽ, ഇതിന് സമയമെടുക്കുമെന്ന് മറുപടി തരിക മാത്രമാണ് ചെയ്തത്. വീണ്ടും ഇതേ ആവശ്യം ഉന്നയിച്ച് ജില്ലാ ഭാഗ്യക്കുറി വകുപ്പ് ഒാഫീസർക്ക് അപേക്ഷ സമർപ്പിച്ചിട്ടും ഫലമുണ്ടായില്ല.

ഭാഗ്യക്കുറി നറുക്കെടുപ്പുമായി ബന്ധപ്പെട്ട് അഴിമതി നടക്കുന്നുണ്ടോ എന്ന് സർക്കാർ അന്വേഷിക്കണമെന്ന് വിൽപ്പനക്കാർ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ വിനിപോൾ, മാത്തുണ്ണി മാത്യു, തോമസ്, സജി എന്നിവർ പങ്കെടുത്തു.