ചെന്നീർക്കര: ഇനി ബസ് ഇത്തിരി വൈകിയാലും കുഴപ്പമില്ല, കുറച്ച് കൂടി നേരത്തെ ബസിനു പോകാൻ ഇറങ്ങിയാൽ അതും പ്രശ്നമല്ല. പൊതുജനങ്ങളിലെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ബസ് സഞ്ചാരം പൊതുവേ കുറവുള്ള ചെന്നീർക്കര പ്രദേശത്തെ വെയിറ്റിംഗ് ഷെഡുകളിൽ വായനാമൂല സ്ഥാപിച്ച് ചെന്നീർക്കര എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ മാതൃകയാകുന്നത്. ചെന്നീർക്കര,ചക്കിട്ട, ആലുംകുറ്റി, ജംഗ്ഷനുകളിലുളള വെയിറ്റിംഗ് ഷെഡിലാണ് ആദ്യ വായനാമൂല ഒരുക്കിയിരിക്കുന്നത്.കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പുസ്തകങ്ങൾ, ദിനപത്രങ്ങൾ, ആനുകാലികങ്ങൾ തുടങ്ങിയവ വിദ്യാർത്ഥികൾ തന്നെ ശേഖരിച്ച് വായനാമൂലയിൽ എത്തിക്കും.സ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും അദ്ധ്യാപകരുമാണ് ഈ നവീന ആശയത്തിന് പിന്നിൽ.നവമാദ്ധ്യമങ്ങളുടെ യുഗത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സംരംഭം തുടങ്ങിയതെന്ന് വിദ്യാർത്ഥികൾ പറയുന്നു.ഭാവിയിൽ കൂടുതൽ വായനമൂലകൾ ആരംഭിക്കുവാനും പദ്ധതിയുണ്ട്.പ്രവർത്തനങ്ങൾക്ക് കൈറ്റ് മിസ്ട്രസ് അഞ്ചു പ്രസാദ് നേതൃത്വം നൽകി.