ഏഴംകുളം : മറ്റു സർക്കാർ സ്കൂളുകൾക്ക് മാതൃകയാകുകയാണ് ഏഴംകുളം ഗവ.എൽ.പി.സ്കൂളും സ്കൂൾ അധികൃതരും.സ്കൂളിന്റെ പുരോഗമനത്തിന് വേണ്ടി പി.ടി.എയും അദ്ധ്യാപകരും പൂർവ വിദ്യാർത്ഥികളും ഒരേ പോലെയാണ് പ്രവർത്തിക്കുന്നത്. എന്തുകൊണ്ടും മറ്റ് സർക്കാർ സ്കൂളുകൾക്ക് മാതൃകയാകുന്ന ഏഴകുളത്തെ ഈ യു.പി സ്കൂൾ നാടിന് തന്നെ അഭിമാനമാണ്. കഴിഞ്ഞിടെ പി.ടി.എയുമായി ചേർന്ന് പുതുവത്സര സമ്മാനമായി കുട്ടികൾക്ക് നൽകിയത് ഉല്ലസിക്കാൻ ഒരു പാർക്കാണ്. രക്ഷിതാക്കളും,അദ്ധ്യാപകരും,പൂർവ വിദ്യാർദ്ധിയായ വട്ടയ്ക്കാട്ട് വീട്ടിൽ മധുസൂദനൻ നായരും പൂർവ അദ്ധ്യാപികയായ കെ.എസ് സുലേഖ എന്നിവർ ചേർന്ന് 65,000 രൂപ ചെലവഴിച്ചാണ് പാർക്കിലേക്കുള്ള സാധനങ്ങൾ വാങ്ങിയത്.കുട്ടികൾക്ക് പഠനത്തോടൊപ്പം മാനസികമായ ഉല്ലാസങ്ങൾ നൽകുക എന്ന ലക്ഷത്തോടെയാണ് പാർക്ക് സ്ഥാപിച്ചതെന്ന് പ്രധാന അദ്ധ്യാപകൻ പി.എൻ സദാശിവ പിള്ള പറഞ്ഞു. മാത്രമല്ല പി.ടി.എ യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രഭാത ഭക്ഷണവും സ്കൂളിൽ നൽകുന്നുണ്ട്. രണ്ട് ലക്ഷം രൂപ ചെലവിൽ ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് പഞ്ചായത്തംഗം ഏഴംകുളം അജു അനുവദിച്ചിട്ടുണ്ട്. ഇപ്പോൾ ഇതിന്റെ പണി പൂർത്തിയായി. കൂടാതെ സ്കൂളിലെ എട്ട് ടോയ്ലറ്റുകൾ പൂർവാദ്ധ്യാപിക കെ.എസ് സുലേഖ 70000 രൂപ ചെലവഴിച്ച് പുനർനിർമ്മിച്ച് നൽകി.
വേണ്ടത്ര ക്ലാസ് മുറികളില്ല
അദ്ധ്യാപകരും,പി.ടി.എ യും പൂർവ വിദ്യാർദ്ധികളും, പൂർവഅദ്ധ്യാപകരും ചേർന്ന് സ്കൂളിന്റെ നിലവാരം ഉയർത്താൻ ശ്രമിക്കുമ്പോഴും ഓരോ അദ്ധ്യായന വർഷവും കൂടിവരുന്ന കുട്ടികളെ ഉൾകൊള്ളാൻ അപര്യാപ്തമാണ് ഓരോ ക്ലാസ് മുറികളും എന്നുള്ളത് പോരായ്മ തന്നെയാണ്.
-220 കുട്ടികൾ അദ്ധ്യയനം നടത്തുന്നു
-സ്കൂളിലെ മധുരവാണി റേഡിയോ നിലയം ശ്രദ്ധേയം
-ജൈവ വൈവിദ്ധ്യ പാർക്ക്
-അക്കാദിമിക നിലവാരത്തിലും മുൻപിൽ
-പത്തനംതിട്ടയുടെ പൈതൃകം തേടി എന്ന ഡോക്യൂമെന്ററി അണിയറയിൽ
അടുത്ത അദ്ധ്യായന വർഷത്തിൽ രണ്ട് ക്ലാസ് മുറികളെങ്കിലും ഇനിയും വേണമെന്നിരിക്കെ ധനകാര്യ മന്ത്രിക്കും, എം.എൽ.എ.എം .പി എന്നിവർക്ക് നിവേദനം നൽകി ഫണ്ട് ലഭിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കയാണ് അദ്ധ്യാപകരും രക്ഷിതാക്കളും
പി.എൻ സദാശിവ പിള്ള
(പ്രധാന അദ്ധ്യാപകൻ)