കോഴഞ്ചേരി : വ്യവസായിയും ജൈവകർഷകനും കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗവുമായ അജയകുമാർ വല്യുഴത്തിന്റെ വീടിന് പിന്നിലെ കരഭൂമിയിലെ നെല്ല് കൃഷിയുടെ വിളവെടുപ്പ് ഉത്സവമായി. ഫലവത്തായ ഭൂമി മുഴുവൻ ഇന്റർലോക്ക് കട്ടകൾ പാകി കോൺക്രീറ്റ് കൂടാരമാക്കുന്ന കാലത്താണ് വീടിന് സമീപം നൂറുമേനി വിളയിച്ചത്. മത്സ്യം വളർത്തുന്ന ജലാശയം പിന്നിലും മുമ്പിൽ കണികാണാൻ കറവപ്പശുക്കളുടെ തൊഴുത്തുമുള്ള വീടും പരിസരവും വൈവിദ്ധ്യമാർന്ന കാർഷിക വിളകളാൽ സമൃദ്ധമാണ്. മുപ്പത്ത് സെന്റോളം ഭൂമിയിൽ കരനെല്ല് സമൃദ്ധമായി വിളഞ്ഞു. നാടൻ നെൽവിത്ത് വിതച്ചപ്പോൾ ഗോമൂത്രവും ചാണകവും വളമായി നൽകി. കീടങ്ങളുടെ ആക്രമണമുണ്ടായെങ്കിലും കീടനാശിനി പ്രയോഗിച്ചില്ല. മഞ്ഞക്കെണിയും ജൈവ നിവാരണ മാർഗങ്ങളും അവലംബിച്ചു. കൊയ്ത്തുത്സവത്തിന്റെ ഉദ്ഘാടനം രാജു ഏബ്രഹാം എം.എൽ.എ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ആർ.കൃഷ്ണകുമാർ, കൃഷി അസി.ഡയറക്ടർ സി.അമ്പിളി, കൃഷിവിജ്ഞാന കേന്ദ്രം ഡയറക്ടർ ഡോ.സി.പി.റോബർട്ട്, കൃഷി വിദഗ്ദ്ധരായ വിനോദ് മാത്യു, സിന്ധു സദാനന്ദൻ, എഴുമറ്റൂർ കൃഷി ഓഫീസർ മാത്യു ഏബ്രഹാം, ഫാൻസി നാസർ, ശ്രീകുമാരി, അജിത് പുല്ലാട് എന്നിവർ പ്രസംഗിച്ചു.