trafic
മുത്തൂർ ജംഗ്ഷൻ....

തിരുവല്ല: ഗതാഗതക്കുരുക്കിൽ കുടുങ്ങി മുത്തൂർ ജംഗ്ഷനിൽ നിന്നും കടന്നുപോകാൻ എം.സി റോഡിലെ വാഹന യാത്രക്കാർ പാടുപെടുകയാണ്.തിരുവല്ല- ചങ്ങനാശേരി ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ എം.സി.റോഡിലൂടെയും കുറ്റപ്പുഴ,കാവുംഭാഗം,ചുമത്ര എന്നീ ഉപറോഡുകളിൽ നിന്നുള്ള വാഹനങ്ങളും എത്തിച്ചേരുന്നതോടെ മുത്തൂർ ജംഗ്ഷൻ നിശ്ചലമാകും. ഇരുചക്രവാഹനങ്ങൾ മുതൽ ആംബുലൻസുകൾ വരെ കുരുക്കിൽ അകപ്പെട്ട് വഴിനീളെ കിടക്കുന്നത് ഇവിടുത്തെ പതിവ് കാഴ്ചയാണ്. ടൗണിലും പരിസരപ്രദേശങ്ങളിലുമായി മരാമത്ത് ജോലികൾ നടക്കുന്നതും കുരുക്ക് മുറുക്കുന്നു. കുരുക്കിൽപ്പെടുന്ന വാഹനങ്ങളെ നിയന്ത്രിക്കാൻ പൊലീസാണ് ശരണം.സിഗ്നൽ സംവിധാനങ്ങളോ മറ്റു നിയന്ത്രണ സംവിധാനങ്ങളോ ഇല്ലാത്തതിനാൽ ഇവിടുത്തെ ഗതാഗത പ്രശ്നങ്ങൾ അനന്തമായി നീളുകയാണ്.കാവുംഭാഗം, കുറ്റപ്പുഴ റോഡുകൾ അടുത്തകാലത്ത് മെച്ചപ്പെട്ടതോടെയാണ് മുത്തൂർ ജംഗ്‌ഷനിലേക്ക് വാഹനങ്ങൾ കൂടുതലായി എത്തിച്ചേരുന്നത്.മാവേലിക്കര,മാന്നാർ ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ ടൗണിലെ കുരുക്കൊഴിവാക്കാൻ കാവുംഭാഗം വഴി മുത്തൂർ റോഡിലെത്തിയാണ് ചങ്ങനാശേരി,കോട്ടയം ഭാഗത്തേക്ക് പോകുന്നത്. ഇതേപോലെയാണ് ടി.കെ.റോഡിൽനിന്നും വാഹനങ്ങൾ ചിലങ്ക ജംഗ്ഷൻ വഴി കുറ്റപ്പുഴയിലെത്തി കോട്ടയം ഭാഗത്തേക്ക് പോകുന്നതും.വാഹനങ്ങൾ പെരുകിയതോടെ അപകടങ്ങളും ഈ മേഖലയിൽ കൂടിയിട്ടുണ്ട്. മുത്തൂർ, പെരുന്തുരുത്തി ഭാഗങ്ങളിലാണ് അപകടങ്ങൾ ഏറെയും.

സിഗ്നലിന്റെ പ്രവ‌‌ത്തനം തുടങ്ങിയിട്ടില്ല

മുത്തൂർ ജംഗ്‌ഷനിൽ ഗതാഗതക്കുരുക്ക് ഏറിയതോടെ സിഗ്നൽ സംവിധാനം സ്ഥാപിക്കാൻ എം.എൽ.എ ഫണ്ടിൽ നിന്നും കഴിഞ്ഞമാസം 15ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇതുവരെയും ഇതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല.

പരിഹാരം

ജംഗ്‌ഷനിൽ സിഗ്നൽ സ്ഥാപിച്ചാൽ ഒരുപരിധിവരെ കുരുക്ക് നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.ഇവിടെ ട്രാഫിക് സിഗ്നൽലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്.

-സിഗ്നൽ സംവിധാനത്തിന് 15 ലക്ഷം അനുവദിച്ചു

-ട്രാഫിക് സിഗ്നൽലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഏറെ പഴക്കം

-അപകടങ്ങളും പതിവ്

ചെറിയൊരു റാലി ടൗണിൽ നടന്നാൽപോലും വാഹനങ്ങൾ കടത്തിവിടുന്നത് കുറ്റപ്പുഴ,കാവുംഭാഗം റോഡുകളിലൂടെയാണ്.രാവിലെയും വൈകിട്ടും പറഞ്ഞറിയിക്കാൻ കഴിയാത്തവിധം വാഹനപ്പെരുപ്പമാണ്. അടിയന്തരമായി ഇതിന് പരിഹാരം കാണേണ്ടതുണ്ട്.

രമേശ്

(വ്യാപാരി)​