തിരുവല്ല: എം.സി.റോഡിൽ പഴക്കുലയുമായി വന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. എസ്.സി.എസ്. ജംഗ്ഷന് സമീപം ഇന്നലെ പുലർച്ചെ 4.30നാണ് സംഭവം. തിരുനെൽവേലിയിൽ നിന്നും പഴക്കുലകളുമായി ചങ്ങനാശേരിയിലെ ചന്തയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഡ്രൈവർ മാത്രമാണ് ലോറിയിലുണ്ടായിരുന്നത്. മറ്റൊരു വാഹനത്തെ മറികടന്ന് എതിരെ വന്ന കെ.എസ്.ആർ.ടി.സി. ബസ്, ലോറിയിലിടിക്കാതെ വെട്ടിച്ചപ്പോഴാണ് സമീപത്തെ വൈദ്യുതി തൂണിലിടിച്ച് വാഹനത്തിന്റെ നിയന്ത്രണം തെറ്റി അപകടം ഉണ്ടായതെന്ന് തിരുനെൽവേലി സ്വദേശിയായ ലോറി ഡ്രൈവർ പറഞ്ഞു.അപകടത്തിൽ ആർക്കും പരിക്കില്ല.തിരുവല്ല പൊലീസ് എത്തി റോഡിൽ ചിതറി കിടന്ന വാഴക്കുലകൾ സമീപത്തേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.