പത്തനംതിട്ട : ആയിരത്തി ഇരുന്നൂറ് കുടുംബങ്ങൾ 623 ദിവസമായി സ്വന്തം ഭൂമിയ്ക്ക് വേണ്ടി നടത്തുന്ന ജനകീയ സമരമാണ് പൊന്തൻപുഴയിലേത്. നാല് തലമുറയായി നീതി നിഷേധിക്കപ്പെട്ടവരാണിവർ. കോട്ടയം, പത്തനംതിട്ട ജില്ലകളിലെ റാന്നി, എരുമേലി ഫോറസ്റ്റ് ഡിവിഷനിൽപ്പെട്ട ആലപ്ര, വലിയകാവ്, കറിക്കാട്ടൂർ റിസർവുകളാണ് പൊന്തൻപുഴ വനം. 1905 ൽ ദിവാൻ സംരക്ഷിത വനമായി പ്രഖ്യാപിക്കുകയും 1959 ൽ ഗസറ്റ് വിജ്ഞാപനത്തിലൂടെ വനം വകുപ്പ് ഏറ്റെടുക്കുകയും ചെയ്ത പ്രദേശം. വനാതിർത്തിയുള്ള കുടുംബങ്ങൾ പട്ടയം ലഭിക്കാതെ നെട്ടോട്ടം ഓടുകയാണ്. കൈവശാവകാശമുള്ള ഭൂമി വനഭൂമിയാണെന്ന തെറ്റിദ്ധാരണയിലാണ് ഇവർക്ക് പട്ടയം നിഷേധിക്കപ്പെട്ടത്. റവന്യൂ - വനം വകുപ്പുകളുടെ സർവേയിൽ ഭൂമി വനാതിർത്തിയ്ക്ക് പുറത്താണെന്ന് കണ്ടെത്തിയിരുന്നു.
പത്തനംതിട്ട ജില്ലയിൽ 01-01-1977 ന് മുമ്പ് 1970.04 ഹെക്ടറിൽ വനം കൈയേറ്റം നടന്നതായി കണ്ടെത്തിയിരുന്നു. പെരുമ്പെട്ടി കർഷകരുടെ ഭൂമിയും കൈയേറ്റ ഭൂമിയുടെ പട്ടികയിൽ ഉൾപ്പെട്ടത് വിനയായി. ഇക്കാരണത്താൽ കേന്ദ്രാനുമതി ലഭിക്കാതെ പട്ടയം നൽകാനാവില്ലെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വാദം.
നാളെ ജില്ലയിൽ പട്ടയമേള നടക്കുകയാണ്. ഇതിനെതിരെ പ്രതിഷേധിക്കാനാണ് പൊന്തൻപുഴ സമരസമിതിയിലെ പെരുമ്പെട്ടി കർഷകരുടെ തീരുമാനം.