പള്ളിക്കൽ:വേനലിന് കാഠിന്യം ഏറി.. ഒപ്പം കുടിവെള്ള ക്ഷാമവും രൂക്ഷമായിരിക്കുകയാണ് പല പ്രദേശങ്ങളിലും. വരും ദിവസങ്ങളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നാണ് സൂചന. പള്ളിക്കൽ പഞ്ചായത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായി.

പ്രധാന ജല സ്രോതസുകളായ പള്ളിക്കലാറും കൈവഴിയായ തോട്ടുവാ തോടും വറ്റിവരണ്ടതോടെ കൃഷിയിടങ്ങളിലും വെള്ളമില്ല. പഞ്ചായത്തിലെ പള്ളിക്കൽ,തെങ്ങമം, തോട്ടുവാ,കൈതക്കൽ,തോട്ടംമുക്ക്,മുണ്ടപള്ളി, പെരിങ്ങനാട്,പുള്ളിപാറ,കൊല്ലോട്ട്,പഴകുളം നാച്ചിങ്ങയിൽ ഭാഗം, തുടങ്ങിയ പ്രദേശങ്ങളെല്ലാം കുടിവെള്ളക്ഷാമത്തിന്റെ പിടിയിലായി.

പണം വേണം പക്ഷേ വെള്ളമില്ല

ഇരുനൂറോളം പൊതുടാപ്പുകളാണ് പള്ളിക്കൽ പഞ്ചായത്തിലുള്ളത്. ഒരു ടാപ്പിന് നാലായിരം രൂപ വീതം പഞ്ചായത്ത് വാട്ടർ അതോറിറ്റിക്ക് അടക്കണം. എന്നാൽ പള്ളിക്കൽ വില്ലേജിലെ നൂറിലധികം പൊതുടാപ്പുകളിൽ 2017 ഒാഗസ്റ്റിന് ശേഷം വാട്ടർ അതോറിറ്റി വെള്ളം നൽകിയിട്ടേയില്ല. പുതിയതായി നിർമ്മിച്ച ആനയടി-കുടൽ റോഡിൽ പരീക്ഷണാടിസ്ഥാനത്തിൽ ജർമൻ ടെക്നോളജി റോഡ് നിർമ്മാണം നടത്തിയപ്പോൾ പൈപ്പുകൾ പൊട്ടിയതാണ് കാരണം. പിന്നീട് പൈപ്പുകൾ മാറുന്നതിനോ മറ്റുനടപടികൾ സ്വീകരിക്കുന്നതിനോ അധികൃതർ തയാറായിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഗാർഹിക കണക്ഷൻ എടുത്തിട്ടുള്ള ഉപഭോക്താക്കൾക്കും വെള്ളമില്ല.

ജലവിതരണപദ്ധതികൾ നോക്കുകുത്തികൾ

പാറകൂട്ടം, മുന്നാറ്റുകര,പൂന്തോട്ടം,ചക്കൻചിറ,മേലൂട്,ആറാട്ടു ചിറ തുടങ്ങി കുടിവെള്ള പദ്ധതികൾ നിരവധിയാണ്.പൂന്തോട്ടംകുടിവെള്ളപദ്ധതിയാണ് ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്.ഈ പദ്ധതികൊണ്ട് മുപ്പതിൽ താഴെ കുടുംബങ്ങൾക്കാണ് പ്രയോജനം കിട്ടുന്നത്.ശുദ്ധീകരിക്കാത്തജലമാണ് വിതരണം നടത്തുന്നതിനാൽ കുടിവെള്ളമായി ഉപയോഗിക്കാനും കഴിയുന്നില്ല.മുന്നാറ്റുകര കുടിവെള്ളപദ്ധതി നൂറ് കണക്കിനാളുകൾക്ക് പ്രയോജനപെടുന്നതാണ്.പദ്ധതി തുടക്കത്തിലെ മുടങ്ങികിടക്കുകയാണ്.അമ്പതുലക്ഷം മുടക്കിയ ആറാട്ട് ചിറ പദ്ധതി ഉദ്ഘാടനം പോലും നിർവഹിച്ചിട്ടില്ല.പാറകൂട്ടം പദ്ധതി ഇല്ലാതായിട്ട് വർഷങ്ങളായി.പദ്ധതികളെല്ലാം രാജീവ് ഗാന്ധികുടിവെള്ളപദ്ധതികളാണ്.പദ്ധതി ആരംഭിച്ച്കഴിഞ്ഞാൽ വൈദ്യുതിചാർജ് ഗുണഭോക്താക്കൾ അടക്കണം.ഇതു ചെയ്യാത്തതാണ് പദ്ധതികൾ നിലക്കാൻ കാരണം.

സംക്ഷണമില്ലാതെ ജലാശയങ്ങൾ

പള്ളിക്കലാർ,തോട്ടുവാതോട്,ഒൻപതേക്കറിലധികം വിസ്തൃതിയുള്ള ആറാട്ടുചിറ,ചിറക്കോണിൽചിറ, തുടങ്ങി നൂറിലധികം ജലാശയങ്ങൾ പള്ളിക്കൽ പഞ്ചായത്തിൽ മലിനപ്പെട്ടും കൈയേറ്റംനടത്തിയും നശിക്കുന്നു.സംരക്ഷിക്കാൻ നടപടിയില്ല. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപെടുത്തി നിർമ്മിച്ചകുളങ്ങൾക്കും തുടർ സംരക്ഷണമില്ല. വേനലിൽ പള്ളിക്കൽ കരിഞ്ഞുണങ്ങാതെ നിൽക്കുന്നത് കനാൽ ജലത്തെആശ്രയിച്ചാണ്. ഇക്കുറി തൊഴിലുറപ്പ് പദ്ധതിയിലുൾപെടുത്തി കനാലുകൾ വൃത്തിയാക്കാൻ അനുമതിനൽകാതിരുന്നത് ആദ്യഘട്ടത്തിൽ തിരിച്ചടിയായി.പിന്നീട് എതിർപ്പുകൾ ഉയർന്നതോടെയാണ് അനുമതിലഭിച്ചത്.വേനൽ കഴിയാറായാലും വൃത്തിയാക്കൽ കഴിയുമോ എന്നതാണ് ഇപ്പോഴത്തെ ആശങ്ക.

അടുത്ത പഞ്ചായത്ത് കമ്മറ്റിയിൽ ആലോചിച്ച് ജില്ലാ ഭരണകൂടവുമായി ബന്ധപെട്ട് ജല അതോറിറ്റിക്ക്അടക്കേണ്ട തുക കൂടി ഉൾപെടുത്തി പഞ്ചായത്തിലെ വരൾച്ചയെ നേരിടാൻ പറ്റുമോ എന്ന് ആലോചിക്കും.

ജി.പ്രസന്നകുമാരി

(പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് )

-പള്ളിക്കൽ പഞ്ചായത്തിൽ 200 പൊതു ടാപ്പുകൾ

-ഒരു ടാപ്പിന് 4000 രൂപ പഞ്ചായത്ത് വാട്ടർ അതോറിറ്റി അടയ്ക്കണം

-2017 ഒാഗസ്റ്റിന് ശേഷം വാട്ടർ അതോറിറ്റി വെള്ളം നൽകിയിട്ടില്ല