തണ്ണിത്തോട്: പഞ്ചായത്തിലെ വനമേഖലയിലെ റോഡരികിൽ വാഹനങ്ങളിൽ മാലിന്യം കൊണ്ടുവന്ന് വലിച്ചെറിയുന്നത് പതിവാകുന്നു.തണ്ണിത്തോട് ചിറ്റാർ റോഡിലെ കൂത്താടിമൺ മുതൽ നീലിപിലാവ് വരെയുള്ള ഭാഗങ്ങളിലും,ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷൻ മുതൽ എലി മുള്ളം പ്ലാക്കൽ വരെയുള്ള വനമേഖലയിലും, എലിമുള്ളം പ്ലാക്കൽ മുതൽ അടവിവരെയുള്ള റോഡരികിലുമാണ് കൂടുതലായി മാലിന്യങ്ങൾ വലിച്ചെറിയുന്നത്.അടവിയിലെത്തുന്ന സഞ്ചാരികൾ റോഡരികിൽ വാഹനങ്ങൾ നിറുത്തി ഭക്ഷണം കഴിച്ചശേഷം അവശിഷ്ടങ്ങളും,പ്ലാസ്റ്റിക് മാലിന്യങ്ങളും റോഡരികിൽ ഉപേക്ഷിക്കുന്നുണ്ട്.സമീപപ്രദേശങ്ങളിലേയും, പഞ്ചായത്തിന് പുറത്തുള്ള കടകളിലേയും കോഴിയുടെയും, മത്സ്യത്തിന്റെയും അവശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി വാഹനങ്ങളിൽ കൊണ്ടുവന്ന് വനത്തിലേക്ക് വലിച്ചെറിയുന്നതും പതിവാണ്. വനത്തിലെ നീർച്ചാലുകളിൽ വീഴുന്ന മാലിന്യങ്ങൾ തോടുകളിലെത്തി ജലം മലിനമാകുകയാണ്.ഈ തോടുകളിലെ വെള്ളമാണ് കല്ലാറ്റിലേക്ക് എത്തുന്നത്.വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ ഭക്ഷിക്കാൻ വന്യമൃഗങ്ങൾ റോഡരികിൽ എത്തുന്നതും പതിവ് കാഴ്ചയാണ്.ഭക്ഷണാവശിഷ്ടങ്ങൾ ഭക്ഷിക്കാനെത്തുന്ന വന്യമൃഗങ്ങൾ റോഡിലും,റോഡരികിലും നിലയുറപ്പിയ്ക്കും.ഇത് പലപ്പോഴും വലിയ അപകടങ്ങളിലാണ് കൊണ്ടു ചെന്ന് എത്തിക്കുന്നത്.
യാത്രക്കാരെ വട്ടംചുറ്റിച്ച് കാട്ടാന ശല്യം
കോന്നി തണ്ണിത്തോട് റോഡിൽ യാത്രക്കാരെ വട്ടം ചുറ്റിച്ച് കാട്ടാനകൂട്ടം രണ്ടാഴ്ച മുൻപ് റോഡിൽ നിലയുറപ്പിച്ചിരുന്നു.രാത്രി 9.30ന് മുണ്ടോമൂഴിക്ക് സമീപത്തെ വളവിലാണ് കെ.എസ്.ആർ.ടി.സി.ബസ് കാട്ടാന കൂട്ടത്തിന്റെ മുന്നിൽപെട്ടത്.ഹെഡ് ലൈറ്റുകൾ അണയ്ക്കാതെ 10 മിനിട്ട് ബസ് നിറുത്തിയിട്ട ശേഷമാണ് കാട്ടാനകൾ റോഡിൽ നിന്ന് മാറിയത്.ഹോട്ടലുകളിൽ നിന്ന് ചാക്കിൽ കെട്ടി വനത്തിലേക്ക് വലിച്ചെറിയുന്ന പച്ചക്കറികളുടെ അവശിഷ്ടങ്ങൾ ഭക്ഷിക്കാനാണ് കാട്ടാനകൾ റോഡരികിലെത്തുന്നത്. മുൻപ് റോഡിൽ കാട്ടാനകൾ വലിച്ചു നിരത്തിയ മാലിന്യങ്ങൾ അടവിയിലെ മുളം കുടിലുകളിലെ വാച്ച്മാൻമാർ കാട്ടാനകൾ മാറിയ ശേഷം നീക്കം ചെയ്യുകയായിരുന്നു.
കോന്നി എസ്.എ.എസ്.എസ്.എൻ.ഡി.പിയോഗം കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ അടവി ശുചീകരണ യജ്ഞത്തിൽ റോഡരികിൽ നിന്ന് വലിയ തോതിൽ മാലിന്യം നീക്കം ചെയ്തിരുന്നു.
ഡോ.പ്രിയസേനൻ
(എൻ.എസ്.എസ്.യൂണിറ്റ് കോ-ഓർഡിനേറ്റർ)
പ്ലാസ്റ്റിക് ഉൾപ്പെടയുള്ള മാലിന്യങ്ങൾ വന്യമൃഗങ്ങളും, കാക്കകളും റോഡിലേക്ക് വലിച്ചിടുന്നതു മൂലം ഇതു വഴിയുള്ള ഇരുചക്രവാഹനയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
സുഭാഷ്
(തണ്ണിത്തോട് സ്വദേശി)
-വനത്തിലെ ശുദ്ധവായുവിന്റെയും,ശുദ്ധജലത്തിന്റെയും ഉറവിടങ്ങൾ മലിനമാകുന്നു
-വനത്തിലെ നീർച്ചാലുകളിൽ വീഴുന്ന മാലിന്യങ്ങൾ തോടുകളിലെത്തി ജലം മലിനമാകുന്നു
-കോഴിയുടേയും,മത്സ്യത്തിന്റെയും അവശിഷ്ടം കവറുകളിലാക്കി റോഡരികിൽ തള്ളുന്നു
-ഭക്ഷണാവശിഷ്ടം ഭക്ഷിക്കാൻ വന്യമൃഗങ്ങൾ റോഡരികിൽ