raju

> ഏഴംകുളം, കടമ്പനാട്, മെഴുവേലി എന്നിവിടങ്ങളിൽ ഭവന സമുച്ചയം

പത്തനംതിട്ട: ലൈഫ് മിഷൻ മൂന്നാം ഘട്ടത്തിൽ ജില്ലയിൽ ഭൂമിയും വീടും ഇല്ലാത്ത 2110 കുടുംബങ്ങളെ പുനരധിവസിപ്പിക്കും. ആധുനിക രീതിയിലുള്ള ഭവന സമുച്ചയങ്ങളാണ് നിർമിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി നിർമിക്കുന്ന 14 ഭവന സമുച്ചയങ്ങളിൽ ഒന്ന് പന്തളം നഗരസഭയിലാണ്. ആറു കോടിരൂപയിൽ അധികം ചെലവ് വരുന്ന പദ്ധതിയുടെ ടെൻഡർ പൂർത്തിയായി. ശിലാസ്ഥാപനം ഉടൻ നടത്തും. ഭൂമിയും വീടും ഇല്ലാത്തവരുടെ പുനരധിവാസമാണു മൂന്നാം ഘട്ടത്തിൽ നടക്കുക. ഏഴംകുളം, കടമ്പനാട്, മെഴുവേലി എന്നിവിടങ്ങളിൽ ഭവന സമുച്ചയം നിർമിക്കുന്നതിന് സർക്കാരിന്റെ ഭരണാനുമതി ലഭിച്ചു. പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരുന്നു.
ജില്ലയിൽ ഇതുവരെ ലൈഫ് മിഷന്റെ ഭാഗമായി 4008 വീടുകളുടെ നിർമ്മാണം പൂർത്തിയായി. ലൈഫ് മിഷൻ പദ്ധതി നിർവഹണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിൽ പൂർത്തിയാകുമ്പോൾ സംസ്ഥാനതലത്തിൽ ജില്ല രണ്ടാം സ്ഥാനത്താണ്.

>>

ലൈഫ് ഒന്നാംഘട്ടം

ലക്ഷ്യം 1188 വീടുകൾ

നിർമിച്ചത് 1169 വീടുകൾ (98.4ശതമാനം).

രണ്ടാം ഘട്ടം

ലക്ഷ്യം 1905 വീടുകൾ

പൂർത്തിയായത് 1551 വീടുകൾ (78 ശതമാനം).

>>

> നഗരസഭകളിലെ പി.എം.എ.വൈ ലൈഫ് പദ്ധതിയിൽ 670 വീടുകൾ പൂർത്തീകരിച്ചു.

> ബ്ലോക്ക് പഞ്ചായത്തുകളിലെ പി.എം.എ.വൈ ലൈഫ് (ഗ്രാമീൺ) പദ്ധതിയിൽ 619 വീടുകൾ പൂർത്തീകരിച്ചു.

>>

'' ലൈഫ് മിഷൻ പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കും. ഗുണഭോക്താക്കൾക്ക് സുസ്ഥിര ജീവിത നിലവാരം ഉറപ്പുവരുത്തും.

മന്ത്രി കെ.രാജു.

(പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിൽ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ ജില്ലാതല കുടുംബ സംഗമവും 4000 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനവും ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത്. കെ.യു.ജനീഷ് കുമാർ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു)

>>

മികച്ച പ്രകടനം കാഴ്ചവച്ച നഗരസഭകൾക്ക് ജില്ലാ കളക്ടർ പി.ബി.നൂഹ് ഉപഹാരം സമർപ്പിച്ചു.