22-kalloor-vanchi
ഔഷധസസ്യമായ കല്ലൂർവഞ്ചി


തണ്ണിത്തോട്: കല്ലാറ്റിൽ നിന്ന് ഔഷധസസ്യമായ കല്ലൂർവഞ്ചി പൂ‌ർണമായി ഇല്ലാതായി. ദുരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകളെത്തി കല്ലൂർവഞ്ചിയെ വേരോടെ കൊണ്ടുപോയതോടെയാണ് സമൃദ്ധമായി വളർന്നിരുന്ന ഇവിടെ നിന്ന് കല്ലൂർ വഞ്ചി അപ്രത്യക്ഷമായത്. മൂത്രാശയക്കല്ലിനെ (കിഡ്നി സ്റ്റോൺ) ഇല്ലാതാക്കാനുള്ള മികച്ച ഒൗഷധമാണിത്.

എക്കൽ നിറഞ്ഞ നദീതീരത്തെ പാറയിടുക്കുകളിൽ ചുറ്റിയാണ് ഇവ വളർന്നിരുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1000 അടി ഉയരത്തിലുള്ള പർവത പ്രദേശങ്ങളിലാണ് ഇവ കുടുതലായി വളരുന്നത്. ഹിമാലയത്തിലും, ഗുജറാത്തിലും കൂടുതലായി കാണപ്പെടുന്ന ഈ സസ്യം തെക്കേഇന്ത്യയിൽ ചുരുക്കമാണ്. സംസ്‌കൃതത്തിൽ ഭാഷാണ ഭേദിയെന്നറിയപ്പെടുന്ന സസ്യത്തിന്റെ ശാസ്ത്രനാമം 'ബർഗനിയ ലിഗുലേറ്റ ' എന്നാണ്.കല്ലാറിന്റെ ഉത്ഭവസ്ഥാനം മുതൽ കടവുപുഴ വരെയുള്ള നദീതീരത്ത് മുമ്പ് ഇവ ധാരാളമുണ്ടായിരുന്നു. നല്ല സൂര്യപ്രകാശവും എക്കലും പാറകളും നിറഞ്ഞ കല്ലാറിന്റെ തീരങ്ങൾ ഇവയ്ക്ക് വളരാനുള്ള അനുകൂല ഘടകങ്ങളായിരുന്നു. നദിയിലെ ജൈവവൈവിദ്ധ്യം കാത്തുസൂക്ഷിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചിരുന്നു. കല്ലൂർ വഞ്ചി വീണ്ടും നദീതീരങ്ങളിൽ വച്ചുപിടിപ്പിക്കുന്നതിന് സ്പാരോനേച്ചർ ക്ലബ് കോന്നി ഡി .എഫ് .ഒ. യ്ക്ക് പദ്ധതി തയ്യാറാക്കി നൽകിയിട്ടുണ്ടെന്ന് പരിസ്ഥിതി പ്രവർത്തകനായ ചിറ്റാർ ആനന്ദൻ പറഞ്ഞു.