പത്തനംതിട്ട: പെരുനാട് ക്ഷേത്രത്തിൽ ഇന്ന് തിരുവാഭരണം ചാർത്തിയ ശ്രീധർമശാസ്താവിനെ കണ്ടുവണങ്ങുവാൻ ഭക്തജനങ്ങൾക്ക് അവസരം ലഭിക്കും. ശബരിമലയിലെത്തി തിരുവാഭരണ വിഭൂഷിതനായ ശാസ്താവിനെ ദർശിക്കാനാകാത്ത ഭക്തജനങ്ങളുടെ പ്രവാഹമായിരിക്കും പെരുനാട് ക്ഷേത്രത്തിലുണ്ടാകുക. ശബരിമല ക്ഷേത്രത്തിലല്ലാതെ പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിലും പെരുനാട് ക്ഷേത്രത്തിലും മാത്രമാണ് തിരുവാഭരണം ശാസ്താവിന് ചാർത്തുക. പന്തള രാജാവ് സ്രാമ്പിക്കൽ വീട്ടിൽ താമസിച്ചാണ് ശബരിമല ക്ഷേത്രനിർമാണത്തിന് മേൽനോട്ടം വഹിച്ചിരുന്നതെന്നും അതിനാലാണ് സ്രാമ്പിക്കൽ വീടിനും അതുമായി ബന്ധപ്പെട്ട ക്ഷേത്രത്തിനും ഇത്രയും പ്രാധാന്യം കൈവന്നതെന്നും പറയപ്പെടുന്നു. പന്തളം രാജപ്രതിനിധിയുടെ നേതൃത്വത്തിൽ പുറപ്പെട്ട തിരുവാഭരണം എഴുന്നള്ളത്ത് നാളെ രാവിലെ യാത്ര തുടർന്ന് പെരുനാട് സ്രാമ്പിക്കൽ വീടിന് സമീപമെത്തി വീട്ടുകാരുടെ രാജോചിത സ്വീകരണം ഏറ്റുവാങ്ങി ശേഷമാണ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എത്തിച്ചേരുക. 23ന് പുലർച്ചെ മൂന്നുമണിയോടെ യാത്ര തുടരുന്ന എഴുന്നള്ളത്ത് ആറന്മുള കൊട്ടാരത്തിൽ എത്തിച്ചേരുന്നതോടെ തിരുവാഭരണം ഭക്തജനദർശനത്തിന് വെയ്ക്കും. അവിടെ വിശ്രമിച്ച ശേഷം രാവിലെ എട്ടുമണിയോട് കൂടിയാണ് എഴുന്നള്ളത്ത് പന്തളം വലിയകോയിക്കൽ കൊട്ടാരത്തിൽ എത്തിച്ചേരുക. അതിന് മുമ്പ് പന്തളം ആലിന്മൂട് മണികണ്ഠനാൽത്തറയിലും തിരുവാഭരണത്തിന് സ്വീകരണമുണ്ട്. കൊട്ടാരം ക്ഷേത്രം വലംവച്ചെഴുന്നള്ളിക്കുന്ന തിരുവാഭരണം പന്തളം കൊട്ടാരം നിർവാഹകസമിതി സെക്രട്ടറി ഏറ്റുവാങ്ങും.