തിരുവല്ല: പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് നിയമ പിൻബലമേകുന്ന പി.എഫ്.ആർ.ഡി.എ.നിയമം പിൻവലിക്കണമെന്നും എല്ലാവർക്കും നിർവചിക്കപ്പെട്ട പെൻഷൻ ഉറപ്പാക്കണമെന്നും എൻ.ജി.ഒ. യൂണിയൻ തിരുവല്ല എരിയ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്രത്തിൽ പങ്കാളിത്ത പെൻഷൻ നടപ്പാക്കുന്ന നിയമം പാസാക്കിയത് ബി.ജെ.പി.യും കോൺഗ്രസും ചേർന്നാണ്. കേരളത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതി അടിച്ചേൽപ്പിച്ചത് യു.ഡി.എഫ് സർക്കാരാണ്. പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിന് എൽ.ഡി.എഫ്. സർക്കാർ തീരുമാനമെടുത്തു. സമിതിയുടെ പ്രവർത്തനം ത്വരിതപ്പെടുത്തണമെന്നും കേന്ദ്ര ഗവണ്മെന്റ് പി.എഫ്.ആർ.ഡി.എ. നിയമം പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ.കൃഷ്ണപ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.എം.ഷാനവാസ് അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി പി.ജി.ശ്രീരാജ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഉല്ലാസ് ആർ.നായർ കണക്കും അവതരിപ്പിച്ചു.രക്തസാക്ഷി-അനുശോചന പ്രമേയങ്ങൾ ജോ.സെക്രട്ടറി ബിജു.ഡി അവതരിപ്പിച്ചു. ഭാരവാഹികളായി കെ.എം.ഷാനവാസ് (പ്രസിഡന്റ് ), കെ.ഒ.ഓമന, റ്റി.വിജയകുമാർ (വൈസ് പ്രസിഡന്റ്മാർ),ബി.സജീഷ് (സെക്രട്ടറി), ബിജു ഡി,എ.സതീഷ്കുമാർ (ജോ.സെക്രട്ടറിമാർ),ഉല്ലാസ് ആർ.നായർ (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.