കോന്നി : പോഷക സമൃദ്ധമായ നാടൻ വിഭവങ്ങളുമായി പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിൽ തോരൻ ഫെസ്റ്റ് നടന്നു. ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ഫെസ്റ്റ് വൈവിദ്ധ്യമായിരുന്നു. ചെമ്പരത്തിപ്പൂവ്, പ്ളാവില, പൊന്നാരിവീരൻ, തഴുതാമ തോരനുകൾ എന്നിവ നവ്യാനുഭവവമായി. വിദ്യാർത്ഥികൾ വീടുകളിൽ നിന്ന് വിവിധയിനം തോരനുകൾ തയ്യാറാക്കി കൊണ്ടുവരികയായിരുന്നു. എൻ.എസ്.എസ് യൂണിറ്റിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. വാഴപ്പിണ്ടി, ചേമ്പിൻതാൾ, വിവിധയിനം ചീരകൾ, ഇടിച്ചക്ക, വാഴക്ക, മുരിങ്ങയില, വാഴക്കൂമ്പ്, ഓമയ്ക്ക തുടങ്ങി വീട്ടുവളപ്പിൽ ലഭ്യമായ ഭക്ഷ്യവസ്തുകൾ ഉപയോഗിച്ചുള്ള അൻപതോളം തോരനുകളാണ് ഫെസ്റ്റിൽ അവതരിപ്പിച്ചത്.