തിരുവല്ല: കേരളാ ലോട്ടറിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന കുപ്രചരണങ്ങൾ തിരിച്ചറിഞ്ഞ് ലോട്ടറി വ്യവസായത്തെ സംരക്ഷിക്കാൻ എല്ലാവരും തയാറാകണമെന്ന് കേരള ലോട്ടറി സംരക്ഷണ സമിതി ജില്ലാ ചെയർമാൻ അഡ്വ.ജനു മാത്യു പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു. ജി.എസ്.ടി ഏകീകരണത്തിലൂടെ കേരള ലോട്ടറിയുടെ തകർച്ചയ്ക്ക് വഴിയൊരുക്കുന്ന കേന്ദ്ര സർക്കാരും അന്യസംസ്ഥാന ലോട്ടറി മാഫിയ ബന്ധത്തെ സഹായിക്കാനായി അവരുടെ ചില ഏജന്റുമാരും യുക്തിക്ക് നിരക്കാത്ത ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ആധുനിക കാലഘട്ടത്തിൽ പുത്തൻ സാങ്കേതിക വിദ്യയുടെ പിന്തുണയോടുകൂടി സുതാര്യവും നീതിയുക്തവുമായി നടത്തുന്ന ലോട്ടറി നറുക്കെടുപ്പിനെതിരായി ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കുന്നതിലൂടെ അന്യസംസ്ഥാന ലോട്ടറിക്ക് കേരളത്തിൽ വഴി തുറക്കുവാനാണ് ഇവർ ശ്രമിക്കുന്നത്. ആരോപണങ്ങൾ ഉന്നയിച്ചവർക്കെതിരെ ബന്ധപ്പെട്ട വകുപ്പും സർക്കാരും കർശന നടപടി സ്വീകരിക്കണമെന്നും സംരക്ഷണ സമിതി ആവശ്വപ്പെട്ടു.