mani

ആർപ്പൂക്കര: വൈദ്യുതി ലൈനിൽ മുട്ടി നിന്ന തെങ്ങിൽ നിന്നും ഷോക്കേറ്റ് തൊഴിലാളി മരിച്ചു. തെങ്ങിന്റെ ഓല 11 കെവി ലൈനിൽ മുട്ടി നിൽക്കുകയായിരുന്നു. ഇത് അറിയാതെ തെങ്ങ് കയറിയ ആർപ്പൂക്കര ചൂരക്കാവ് എഴുപതിൽ മണിയാണ് (55) ഷോക്കേറ്റു മരിച്ചത്. ഇന്നലെ രാവിലെ 11ന് പനമ്പാലം കോലേട്ടമ്പലം ഭാഗത്തെ വീട്ടിൽ യന്ത്രം ഉപയോഗിച്ച് തെങ്ങിൽ കയറുന്നതിനിടയിലാണ് അപകടം. തെങ്ങിന്റെ ഓലകൾക്കിടയിലൂടെയാണ് വൈദ്യുതി ലൈൻ കടന്നുപോയിരുന്നത്. തെങ്ങിൽ കയറിയ മണി ഷോക്കേറ്റ് തെറിച്ച് താഴേയ്‌ക്കു വീണു. നിലത്തുവീണ മണിയെ നാട്ടുകാർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. സംസ്‌കാരം ഇന്ന് 11നു വീട്ടുവളപ്പിൽ. ഭാര്യ അജിതാകുമാരി. മക്കൾ: അമലേന്ദു, ആരോമൽ, അനന്ദു.