പത്തനംതിട്ട: പത്തനംതിട്ട നഗരവാസികളെ ഭീതിയാഴ്ത്തിയ പേപ്പട്ടി 21പേരെ കടിച്ചു. അഞ്ചര മണിക്കൂറോളം നഗരത്തെ വിറപ്പിച്ച നായയെ ഒടുവിൽ തല്ലിക്കൊന്നു. കടിയേറ്റ മിക്കവർക്കും ആഴത്തിൽ മുറിവേറ്റു. കൈയിലും കാലിലും രക്തം വാർന്നൊഴുകിയ നിലയിലാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്.

കാല്, മുതുക്, കൈയ്യ്, നെഞ്ച്, മുഖം എന്നീ ഭാഗങ്ങളിലാണ് പലർക്കും കടിയേറ്റത്. പല്ലുകൾ ആഴ്ന്നിറങ്ങിയതിനാൽ കടിയേറ്റ ഭാഗത്തെ മാംസം അടർന്നുമാറി.

ഇന്നലെ രാവിലെ പ്രമാടം ഭാഗത്ത് നിന്ന് ഒാടിവന്ന നായയാണ് വഴിയിൽ കണ്ടവരെയെല്ലാം കടിച്ചത്. ഏഴുമണിയോടെ പ്രമാടത്തെ വീടിന് മുന്നിൽ നടക്കുകയായിരുന്ന വെളുന്തറ പുത്തൻവീട്ടിൽ ഒാമനയ്ക്കാണ് ആദ്യം കടിയേറ്റത്. നാട്ടുകാർ ഒാടിക്കൂ‌ടിയതോടെ നായ ഇവിടെനിന്നോടി.

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഒാമനയ്ക്ക് ചികിത്സ നൽകിക്കൊണ്ടിരുന്നപ്പോഴേക്കും കടിയേറ്റവർ ഒാരാേരുത്തരായി എത്തി.

>> ഭീതി നിറഞ്ഞ മണിക്കൂറുകൾ

പേപ്പട്ടി നിരവധി ആളുകളെ കടിച്ചുവെന്ന വിവരം നഗരത്തിൽ കാട്ടുതീ പോലെ പടർന്നു. ക്ളാസ് മുറികളിൽ നിന്ന് കുട്ടികളെ പുറത്തുവിടരുതെന്ന സന്ദേശം സ്കൂളുകളിലെത്തി. വ്യാപാരികൾ കടകളിൽ നിന്ന് പുറത്തിറങ്ങിയില്ല. പട്ടിയെ കണ്ടുപിടിച്ച് തല്ലിക്കൊല്ലാൻ യുവാക്കളുടെ സംഘം ഇറങ്ങിയിരുന്നു. ഒടുവിൽ, പന്ത്രണ്ടരയോടെ അബാൻ ജംഗ്ഷനിൽ വച്ച് നായയെ തല്ലിക്കൊന്നു.

മുറിവുകളിലൂടെ രക്തം ഒഴുകിയതിനാൽ മാരക പേ വിഷമുളള നായയാണ് കടിച്ചതെന്ന് കരുതുന്നതായി ജനറൽ ആശുപത്രി ഡി.എം.ഒ ഡോ. ആശിഷ് മോഹൻ കുമാർ പറഞ്ഞു. കടിച്ച നായയുടെ തലയിലെ രാസ പരിശോധനയിൽ നിന്നു മാത്രമേ പേ വിഷത്തിന്റെ കാര്യത്തിൽ സ്ഥിരീകരണം ലഭിക്കൂ.

കടിയേറ്റവരിൽ പേ വിഷബാധയുണ്ടാകാതിരിക്കാൻ എെ.ഡി.ആർ വാക്സിനും ആന്റി റാബീസ് ഇമ്മ്യുണോ േഗ്ളാബിനും കുത്തിവച്ചു. ജനറൽ ആശുപത്രിയിൽ ആവശ്യത്തിന് പ്രതിരോധ മരുന്നുകൾ കരുതിയിരുന്നതിനാൽ കടിയേറ്റ എല്ലാവർക്കും ചികിത്സ നൽകാൻ കഴിഞ്ഞു.