പത്തനംതിട്ട : ജില്ലാതല പട്ടയമേള ഇന്ന് രാവിലെ 11 ന് പത്തനംതിട്ട സെന്റ് സ്റ്റീഫൻസ് ഓഡിറ്റോറിയത്തിൽ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. വീണാജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും. ജില്ലാ കളക്ടർ പി.ബി നൂഹ് റിപ്പോർട്ട് അവതരിപ്പിക്കും.
അർഹരായ മുഴുവൻ പേർക്കും സമയബന്ധിതമായി പട്ടയം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് മേള. ആറു താലൂക്കുകളിലായി 501 പട്ടയങ്ങളാണ് വിതരണം ചെയ്യുക. ഏറ്റവും കൂടുതൽ പട്ടയം വിതരണം ചെയ്യുക റാന്നി താലൂക്കിലാണ്. 373 പട്ടയങ്ങളാണ് വിതരണം ചെയ്യുക. റാന്നി താലൂക്കിലെ അത്തിക്കയം വില്ലേജിലെ 46 ഏക്കർ സ്ഥലം വേർതിരിച്ചിട്ടുണ്ട്. പട്ടയം നൽകാൻ ശേഷിക്കുന്ന 32 ഏക്കറിലെ 99 പേർക്ക് പട്ടയം വിതരണത്തിന് സജ്ജമായിട്ടുണ്ട്. കരിങ്കുളം പട്ടികവർഗ കോളനിയിൽ 87 പട്ടയങ്ങളും പെരുനാട് വില്ലേജിലെ കോട്ടിപ്പാറയിൽ 64 പട്ടയങ്ങളും പമ്പാവാലിയിൽ 40 പേർക്കുമുള്ള പട്ടയവുമാണ് വിതരണത്തിന് സജ്ജമായിട്ടുള്ളത്. താലൂക്കടിസ്ഥാനത്തിൽ കോന്നിയിൽ 54 പട്ടയങ്ങളും, തിരുവല്ലയിൽ 24, കോഴഞ്ചേരി 24, മല്ലപ്പള്ളി 20, അടൂരിൽ ആറും പട്ടയങ്ങളുമുണ്ട്.