പത്തനംതിട്ട : കോന്നി താലൂക്കിലെ മലയോര കർഷകർക്കുള്ള 3000 പട്ടയങ്ങളുടെ വിതരണം മാർച്ച് 31ന് അകം നടത്തുമെന്ന് ജില്ലാ കളക്ടർ പി.ബി നൂഹ് പറഞ്ഞു. മല്ലപ്പള്ളി താലൂക്കിൽ പെരുമ്പെട്ടി വില്ലേജിലുള്ള 512 പട്ടയങ്ങൾ വിതരണത്തിനു തയാറായിട്ടുണ്ട്. ജില്ലാതലപട്ടയ വിതരണത്തിൽ ഇവ വിതരണം ചെയ്യാത്തതിനു പ്രായോഗികമായ തടസമുള്ളത് വനം വകുപ്പ് നൽകിയ എതിർപ്പ് നിലനിൽക്കുന്നതിനാലാണ്. വനം വകുപ്പ് നൽകിയ എതിർപ്പിനു മിനിസ്ട്രി ഒഫ് എൻവയോൺമെന്റൽ ഫോറസ്റ്റിന്റെ ക്ലിയറൻസ് ലഭിച്ചാൽ മാത്രമേ പട്ടയം വിതരണം ചെയ്യുവാൻ സാധിക്കൂ. രണ്ടു മാസത്തിനകം പെരുമ്പെട്ടി പട്ടയങ്ങൾക്കു ക്ലിയറൻസ് ലഭിക്കും എന്നാണു വനം വകുപ്പിൽ നിന്ന് അറിയിച്ചിട്ടുള്ളത്. ക്ലിയറൻസ് ലഭിക്കുന്ന മുറയ്ക്ക് പട്ടയ വിതരണം നടക്കും. 62 വർഷമായി മുടങ്ങിക്കിടന്നിരുന്ന പട്ടയങ്ങൾക്കു ശാശ്വത പരിഹാരമാകും. കോന്നിയിലെ കർഷകർക്കു പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ഊർജിതമായി നടന്നു വരികയാണ്. കോന്നി പട്ടയങ്ങൾക്കും മിനിസ്ട്രി ഒഫ് എൻവയോൺമെന്റൽ ഫോറസ്റ്റിന്റെ ക്ലിയറൻസ് ലഭിക്കേണ്ടതുണ്ട്.അവ മാർച്ച് 31 മുൻപ് ലഭ്യമാക്കുമെന്നും കളക്ടർ പറഞ്ഞു.