പത്തനംതിട്ട : മാലിന്യ ശേഖരിക്കുന്നത് നഗരസഭ നിറുത്തിവച്ചത് തെരുവ് നായ്ക്കളുടെ എണ്ണം പെരുകാൻ കാരണമായി. നഗരത്തിലെ പ്രധാന റോഡുകൾ മുതൽ ഇട റോഡുകളിൽ വരെ മാലിന്യത്തിന്റെ കൂമ്പാരമാണ്. വീടുകളിലെ മാലിന്യ ശേഖരണം അവസാനിപ്പിച്ചതോടെ പ്ലാസ്റ്റിക്ക് കവറിലാക്കിയ മാലിന്യം ഇരുട്ടിന്റെ മറവിൽ നഗരത്തിൽ തള്ളുന്നത് പതിവായിരിക്കുകയാണ്. ഇത് നിയന്ത്രിക്കാനോ മാലിന്യ ശേഖരണം പുനരാരംഭിക്കാനോ നഗരസഭാധികൃതർ തയ്യാറായിട്ടില്ല. റിംഗ് റോഡ്, കളക്ടറേറ്റ് പരിസരം, ജനറൽ ആശുപത്രിക്കു മുൻവശം, കടമ്മനിട്ട റോഡ്, തൈക്കാവ് റോഡ്, വെട്ടിപ്രം, ബസ് സ്റ്റാൻഡ് പരിസരം, അബാൻ ജംഗ്ഷൻ പരിസരം, സ്റ്റേഡിയം റോഡ്, അഴൂർ ജംഗ്ഷൻ, പ്രധാന ഇട റോഡുകൾ തുടങ്ങിയ സ്ഥലത്തെല്ലാം മാലിന്യം നിറഞ്ഞു കിടക്കുകയാണ്. ഇത് തിന്നാനായി തെരുവു നായകൾ കൂട്ടത്തോടെയാണ് എത്തുന്നത്.
തെരുവു നായകൾ പെരുകുന്നത് തടയാൻ വന്ധ്യംകരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ കൊണ്ടുവന്ന ആനിമൽ ബർത്ത് കൺട്രോൾ (എബിസി) പദ്ധതി ജില്ലയിൽ പാളി. തുടക്കത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചെങ്കിലും ഇപ്പോൾ തെരുവ് നായകളെ പിടിക്കുന്നത് നിറുത്തിവച്ചിരിക്കുകയാണ്. വന്ധ്യംകരണം നടത്താൻ കൊടുമണ്ണിൽ കേന്ദ്രം തുറന്നെങ്കിലും പ്രവർത്തനം നിലച്ചു. ആവശ്യമായ സ്ഥലം ലഭിക്കാത്തത്തും പലയിടങ്ങളിലും ജനങ്ങളിൽ നിന്ന് പ്രതിഷേധമുണ്ടായതുമാണ് പദ്ധതി പാളാൻ കാരണം.