road

ഇളമണ്ണൂർ: മാവിള - പാടം റോഡുപണി അനന്തമായി നീളുന്നത് ജനത്തെ വലയ്ക്കുന്നു. സംസ്ഥാന സർക്കാരിന്റെ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 21.90 കോടി രൂപ ചെലവഴിച്ച് 12.47 കിലോമീറ്റർ റോഡിന്റെ പണി 2018 നവംബറിലാണ് ആരംഭിച്ചത്. ഇളമണ്ണൂർ മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡ് മാവിള കലഞ്ഞൂർ വഴി പാടത്താണ് അവസാനിക്കുന്നത്. തുടക്കത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഇഴയുകയായിരുന്നു. 2020 ഏപ്രിൽ 14 നാണ് കരാർ കാലാവധി അവസാനിക്കുന്നത്. ഇൗ രീതിയിലാണെങ്കിൽ ഇനിയും ഒരു വർഷമെടുത്താലും പണി പൂർത്തിയാക്കാനാവില്ല. ഇളമണ്ണൂർ മാർക്കറ്റ് ജംഗ്ഷൻ മുതൽ കലഞ്ഞൂർ വരെ റോഡ് പൂർണ്ണമായും വെട്ടി പൊളിച്ചിട്ടിരിക്കുകയാണ്. സ്വകാര്യ ബസ് സർവീസകളുള്ള ഈ പാതയിൽ വാഹന ഗതാഗതം അതിദുഷ്കരമാണ്. റോഡിന്റെ ഇരുവശങ്ങളിലുള്ള വീട്ടുകാരും വ്യാപാരികളും പൊടിശല്യത്താൽ ഏറെ ദുരിതം അനുഭവിക്കുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് നിരവധി പ്രദേശവാസികൾ ചികിത്സ തേടിയിട്ടുണ്ട്. നാട്ടുകാർ സംഘടിച്ച് വലിയ വാഹനങ്ങൾ തടഞ്ഞിരുന്നു. പ്രതിഷേധം ശക്തമായതോടെ വെള്ളം തളിക്കാറുണ്ടെങ്കിലും ഇത് ഫലപ്രദമല്ല . കലഞ്ഞൂർ വാഴപ്പാറയിൽ പാലം പൊളിഞ്ഞിട്ടും ബദൽ സംവിധാനം ഒരുക്കാത്തത് കാരണം വാഴപ്പാറ, ഉടയൻചിറ , മുള്ളൂർ നിരപ്പ്, മണക്കാട് പുഴ , വാഴത്തോട്ടം എന്നീ ഗ്രാമീണ മേഖലകൾ ഒറ്റപ്പെട്ട നിലയിലാണ്.

12.47 കിലോമീറ്റർ റോഡ് , 21.90 കോടി രൂപ ചെലവ്

ഏപ്രിൽ 14 ന് കരാർ കാലാവധി അവസാനിക്കും

പൂർത്തികരിക്കേണ്ടത്

റോഡിന്റെ ഇരുവശങ്ങളിലുമായി 5460 മീറ്റർ ഓട, 24 പുതിയ കലങ്കുകൾ, 2890 സംരക്ഷണഭിത്തി, ഇന്റർലോക്ക് പാകൽ.

പൊടിശല്യം അതി രൂക്ഷം

നാട്ടുകാർ ടിപ്പർ ലോറികൾ തടഞ്ഞു

മന്ത്രിമാരും പരിവാരങ്ങളും എത്തി വളരെ അർഭാടമായാണ് റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നടത്തിയത്. എന്നാൽ പണികൾ ഇഴഞ്ഞുനീങ്ങുമ്പോൾ അധികൃതർ ഇടപെടുന്നില്ല.

അശോകൻ

വ്യാപാരി