തിരുവല്ല : തിരുമൂലപുരം ബാലികാമഠം ഹയർസെക്കൻഡറി സ്‌കൂൾ ശതാബ്ദി ആഘോഷം 28, 29 തീയതികളിൽ നടക്കും. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരുവർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ക്രമീകരിച്ചതായി സ്‌കൂൾ പ്രിൻസിപ്പൽ സുനിത കുര്യനും ഹെഡ്മിസ്ട്രസ് സുജ ആനി മാത്യുവും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
28ന് ഉച്ചയ്ക്ക് 2ന് ശതാബ്ദി വിളംബര ദീപശിഖാ പ്രയാണം പാലിയേക്കര സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽനിന്ന് ആരംഭിച്ച് എസ്.സി.എസ് ജംഗ്ഷൻ, തുകലശ്ശേരി സി.എം.എസ്.എച്ച്.എസ്.എസ് ഗ്രൗണ്ട് വഴി ബാലികാമഠം സ്‌കൂളിൽ എത്തിച്ചേരും. 29ന് രാവിലെ 10ന് യാത്രയയപ്പ് സമ്മേളനം. വിരമിക്കുന്ന അദ്ധ്യാപിക ശോഭാ മേരി തോമസിന് യാത്രയയപ്പു നൽകും.
ഉച്ചകഴിഞ്ഞ് 2.30ന് കൂടുന്ന യോഗത്തിൽ ചലച്ചിത്ര പിന്നണി ഗായിക കെ. എസ്. ചിത്ര ശതാബ്ദി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജർ ജോർജ് വർഗീസ് അദ്ധ്യക്ഷത വഹിക്കും. ഓർത്തഡോക്‌സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. സംവിധായകൻ ബ്ലെസി, നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ, പി.ടി.എ പ്രസിഡന്റ് ഫാ. ചെറിയാൻ ജേക്കബ് എന്നിവർ പങ്കെടുക്കും.
സാംസ്‌കാരിക സമ്മേളനങ്ങൾ, സ്‌കൂൾ ചരിത്രം ഡോക്യുമെന്ററി നിർമാണം, ഗുരുവന്ദനം, മികവരങ്ങ്, പൂർവ വിദ്യാർത്ഥി സമ്മേളനം, സ്ത്രീ ശാക്തീകരണം, വ്യക്തിത്വ വികസന പരിപാടികൾ, സിവിൽ സർവീസ് കോച്ചിംഗ് ക്ലാസുകൾ, ജീവകാരുണ്യ പ്രവർത്തനങ്ങൾ തുടങ്ങിയവ നടക്കും.
പി.ടി.എ സെക്രട്ടറി പ്രീതി സ്‌കറിയ, സിസി മിനി അലക്‌സ്, മേരി തോമസ്, സജി ഫിലിപ്പ്, ടി.കെ. കോശി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.