കോന്നി : കൊടുംവേനലിൽ കാട്ടുതീ ഭീഷണിയിലാണ് വന മേഖല. ഉൾവനത്തിൽ കാട് കത്തിയെരിയുന്നുമുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കോന്നി ഞള്ളൂർ, ചിറ്റാർ, വനമേഖലകളിൽ കാട്ടുതീ പടർന്നെങ്കിലും തുടക്കത്തിൽത്തന്നെ അണയ്ക്കാൻ കഴിഞ്ഞു.
കാട്ടുതീ തടയാൻ വനംവകുപ്പ് ഇത്തവണ വേണ്ടത്ര ഫയർ വാച്ചർമാരെ നിയമിച്ചിട്ടില്ല. നിലവിലുള്ള ജീവനക്കാർ വന സംരക്ഷണ സമിതികളുടെ സഹായത്തോടെയാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നത്.
തണ്ണിത്തോട്,മേടപ്പാറ, തേക്കുതോട്, തൂമ്പാക്കുളം, അതുമ്പുംകുളം, കൊക്കാത്തോട് മേഖലകൾ കാട്ടുതീ ഭീഷണി നേരിടുന്ന പ്രദേശങ്ങളാണ്. ഇവിടെ ശാസ്ത്രീയമായ രീതിയിൽ ഫയർ ലൈനുകൾ തെളിച്ചിട്ടില്ല. നാട്ടിലെ റബർ തോട്ടങ്ങളിലും വ്യാപകമായി തീ പിടിക്കുന്നുണ്ട്.
തീപിടിത്തമുണ്ടായാൽ അഗ്നിശമന സേനയ്ക്ക് കാര്യക്ഷമമായ സംവിധാനങ്ങളില്ല.
വലിയ അഗ്‌നിബാധകളുണ്ടായാൽ അതിവേഗത്തിൽ ടാങ്കറിനുള്ളിൽ വെള്ളം നിറയ്ക്കാൻ കഴിയില്ല. ജല അതോറിറ്റിയുടെ പൈപ്പിലൂടെ എത്തുന്ന വെള്ളം ടാങ്കറുകളിൽ നിറച്ച് സൂക്ഷിക്കുകയാണ് പതിവ്. അതുമല്ലെങ്കിൽ വാട്ടർ അതോറിറ്റിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ എത്തി അനുവാദം വാങ്ങിവേണം വെള്ളം നിറയ്ക്കാൻ. വൻ അഗ്‌നിബാധയാണ് ഉണ്ടാകുന്നതെങ്കിൽ ഇങ്ങനെ വെള്ളം നിറച്ച് അപകട സ്ഥലത്ത് എത്തുമ്പോഴേക്കും എല്ലാം കത്തിയമർന്നിരിക്കും. ഇത്തരം ദുരന്തങ്ങളെ അതിജീവിക്കാൻ പ്രധാന കേന്ദ്രങ്ങളിൽ വാട്ടർ ഹൈഡ്രന്റുകൾ സ്ഥാപിക്കണമെന്ന് നിയമമുണ്ടെങ്കിലും ജില്ലയിൽ പാലിച്ചിട്ടില്ല.