തിരുവല്ല: ലഹരി വസ്തുക്കളുടെ ഉപയോഗത്തിലൂടെ ആരോഗ്യവും ജീവിതവും നഷ്ടപ്പെടുത്തിയാൽ പിന്നെ വീണ്ടെടുപ്പ് സാദ്ധ്യമാകില്ലെന്ന് നിരണം സെന്റ് തോമസ് ബിലിവേഴ്സ് ചർച്ച് വികാരി റവ.ഫാ.ഷിജു മാത്യു പറഞ്ഞു. കേരളകൗമുദിയും ബിലീവേഴ്‌സ് ചർച്ച് റസിഡൻഷ്യൽ സ്‌കൂളും എക്സൈസ് വകുപ്പും സംയുക്തമായി കുറ്റൂർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച "ബോധപൗർണ്ണമി " ലഹരിവിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരൂപത്തെ തന്നെ മാറ്റിക്കളയുന്ന ലഹരി ഉല്പന്നങ്ങൾക്കെതിരെ നോ പറയുന്ന നല്ലൊരു തലമുറയാണ് നമ്മുടെ ലക്ഷ്യം. പുതുതലമുറയെ നേർവഴിക്കു നയിക്കാൻ ലക്ഷ്യമിട്ടു നടത്തുന്ന ഇത്തരം സെമിനാറുകൾ കേരളകൗമുദിയുടെ സാമൂഹ്യപ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് കെ.എം.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ ആമുഖപ്രസംഗം നടത്തി. ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം അതിഭദ്രാസനം പി.ആർ.ഒ സിബി സാം തോട്ടത്തിൽ,സ്‌കൂൾ അദ്ധ്യാപകൻ ബിജു കോശി ഏബ്രഹാം,ടി.ഇ. രാജേഷ് എന്നിവർ പ്രസംഗിച്ചു. ദൃശ്യാവതരണത്തിലൂടെ എക്സൈസ് പ്രിവന്റീവ് ഓഫീസർ ബിനു വർഗീസ് ക്ലാസ് നയിച്ചു.
: ജീവിതമൂല്യങ്ങൾ അറിയാതെ ലഹരിക്ക് അടിമയായി അകാലത്തിൽ പൊലിയുന്ന കൗമാരക്കാരും യുവാക്കളും വർദ്ധിച്ചു വരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഊണും ഉറക്കവും നഷ്ടപ്പെടുത്തി മാതാപിതാക്കൾ കരുതലോടെ വളർത്തുന്ന കുട്ടികൾ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന മനസിലാക്കി ജീവിക്കാൻ പുതുതലമുറയ്ക്ക് കഴിയണമെന്നും ബിനു വർഗീസ് പറഞ്ഞു.