കോന്നി : ഐരവൺ കുമ്മണ്ണൂർ പത്തേക്കർമുരുപ്പ് ഹരിജൻ സെറ്റിൽമെന്റ് കോളനി ഭാഗത്ത് കുടിവെള്ളം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി. ഐ ഐരവൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനീയറുടെ ഒാഫീസ് ഉപരോധിച്ചു. ഇരുപത് ദിവസത്തിലേറെയായി ജലവിതരണം മുടങ്ങിയിട്ട്. ഐരവൺ മാളാപ്പാറയിലെ ശുദ്ധജല പദ്ധതിയിൽ നിന്നാണ് ഇവിടേക്ക് വെള്ളം പമ്പ് ചെയ്യുന്നത്. പകൽ പമ്പ് ചെയ്യുന്ന വെള്ളം ചിലർ ദുരുപയോഗപ്പെടുത്തുന്നുണ്ടെന്നും ഇത് തടയാൻ അധികൃതർ ശ്രമിക്കുന്നില്ലെന്നുമാണ് പരാതി. വെള്ളം കിണർ റീചാർജ്ജിംഗിനും കൃഷിയിടങ്ങൾ നനയ്ക്കുന്നതിനുമുൾപ്പെടെ ഉപയോഗിക്കുകയാണ്. കോന്നി പൊലീസും വാട്ടർ അതോറിറ്റി അധികൃതരും നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. പൈപ്പിന്റെ തകരാർ പരിഹരിച്ച് കുടിവെള്ളമെത്തിക്കുമെന്നും കുടിവെള്ളം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉറപ്പുനൽകി. ഐരവൺ ലോക്കൽ സെക്രട്ടറി വിജയ വിൽസൺ, ഗ്രാമപഞ്ചായത്തംഗം രാജൻ, മണിയമ്മ,സന്തോഷ്,റെജി,അഷ്റഫ്,മുരളി തുടങ്ങിയവർ പങ്കെടുത്തു.