തിരുവല്ല: സ്കൂളുകളിലേക്ക് വിത്ത് അടങ്ങിയ പേപ്പർ പേനയുമായി ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് യൂത്ത്ഫോറം രംഗത്തെത്തി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് നിരണത്ത് മാതൃവിദ്യാലയമായ കൊമ്പങ്കേരി എം.ടി.എൽ.പി സ്കൂളിൽ ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറോൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്ത നിർവ്വഹിക്കും. നിരണം ഇടവകയുടെ സഹകരണത്തോടെ നടത്തുന്ന പ്ലാസ്റ്റിക്ക് നിർമ്മാർജനയജ്ഞത്തിന്റെ ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിക്കും. കാട്ടുനിലം സെന്റ് തോമസ് മാർത്തോമാ ചർച്ച് വികാരി വി.ടി.സാമുവേൽ ആമുഖപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ലത പ്രസാദ് അദ്ധ്യക്ഷത വഹിക്കും. തുണിസഞ്ചികളുടെ വിതരണം ഗ്രാമപഞ്ചായത്ത് അംഗം കുരുവിള കോശി നിർവഹിക്കും. സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി ഫാ.ഷിജു മാത്യു സന്ദേശം നല്കും. ലഘുലേഖകളുടെ വിതരണോദ്ഘാടനം ഡീക്കൻ ജയിംസ് ജോയി മുളപ്പൻമടം, ഹെഡ്മാസ്റ്റർ ജോൺ പി.തോമസിന് നല്കി നിർവഹിക്കും. പേപ്പർ പേനകൾ ഉപയോഗശേഷം വലിച്ചെറിഞ്ഞാലും ഭാവിയിൽ അതൊരു ഔഷധഗുണമുള്ള മരമായി തീരുമെന്നുള്ളതാണ് ഈപദ്ധതിയുടെ പ്രത്യേകത. കൂടാതെ പച്ചക്കറിവിത്തുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. അഗസ്ത്യചീര, തക്കാളി, മുളക്, വഴുതനങ്ങ എന്നിവ അടങ്ങിയ വിത്തുകളോടൊപ്പം പേനകൾ നിർമ്മിക്കുന്നത് തൃശ്ശൂരിൽ സെറിബ്രൽ പാൾസി, ഓട്ടിസം എന്നിവ ബാധിച്ച ഏഴംഗ കുട്ടികളുടെ സംഘമാണെന്ന് ഗ്രീൻക്ലബ് പ്രോജക്ട് ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള, ജനറൽ കൺവീനർ അജോയ് കെ.വർഗ്ഗീസ് എന്നിവർ അറിയിച്ചു.