പത്തനംതിട്ട : പട്ടയം നൽകാതെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് പൊന്തൻപുഴ സമരസമിതിക്കാർ ജില്ലാ പട്ടയമേളയിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് തീപ്പന്തങ്ങളുമായി ആരംഭിച്ച പ്രകടനം പോസ്റ്റ് ഓഫീസ് റോഡ് വഴി സ്റ്റേഡിയം ജംഗ്ഷനിലെത്തിയപ്പോൾ പൊലീസ് തടഞ്ഞു. കുട്ടികളും വയോധികരുമടക്കം ഇരുന്നൂറിലധികം പേർ പങ്കെടുത്തു. മുള്ളനിക്കാട് പൗരസമിതിയും ആറന്മുള മിച്ചഭൂമി സമര സമിതിയും പശ്ചിമഘട്ട സംരക്ഷണ സമിതിയും ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധത്തിൽ പങ്കെടുത്തു. ചെങ്ങറ സമരസമിതി പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ സബ് കളക്ടർ വിനയ് ഗോയൽ എത്തിയെങ്കിലും വിജയിച്ചില്ല. തുടർന്ന് മന്ത്രിയുമായി സമരസമിതി നേതാക്കൾ ചർച്ച നടത്തിയതിന് ശേഷമാണ് പിരിഞ്ഞുപോയത്.

പൊന്തൻപുഴ സമര സമിതി ജോ. കൺവീനർ ജെയിംസ് കണ്ണിമല സമരം ഉദ്ഘാടനം ചെയ്തു. ഐ.ഡി.പി ദേശീയ ജനറൽ സെക്രട്ടറി സന്തോഷ് ബെല്ലാരി അദ്ധ്യക്ഷത വഹിച്ചു. പശ്ചിമഘട്ട സംരക്ഷണ സമിതി ചെയർമാൻ ബിജു ജി. ജേക്കബ്, വൈസ് ചെയർമാൻ സി.എച്ച് സലി, പൊന്തൻപുഴ സമരസമിതി കൺവീനർ സന്തോഷ് പെരുമ്പെട്ടി, ആറന്മുള മിച്ച ഭൂമി സമര സമിതി കൺവീനർ ശരണ്യാ രാജ് എന്നിവർ സംസാരിച്ചു.

--------------------------

അടുത്ത മന്ത്രിസഭയിൽ ഇക്കാര്യം ഉന്നയിക്കും : മന്ത്രി ഇ. ചന്ദ്രശേഖരൻ

പൊന്തൻപുഴയിലെ ജനങ്ങൾക്ക് അവർ അർഹിക്കുന്ന ഭൂമി ലഭിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ്. ഡിസംബർ 5ന് നടത്തിയ ചർച്ചയിൽ വനംവകുപ്പ് ജനുവരി 5ന് മുമ്പ് പട്ടയംനൽകാനുള്ള കേന്ദ്രാനുമതി വാങ്ങിനൽകണമെന്ന് പറഞ്ഞിരുന്നു. അത് നൽകാത്തതിനാൽ അവർക്ക് എതിർപ്പില്ലെന്ന് കണക്കാക്കാം. എതിർപ്പ് പ്രകടിപ്പിച്ചാൽ അവരുമായി ചർച്ച നടത്തി സമ്മതിപ്പിക്കും. റിസർവ് വനത്തിൽ ഇവരുടെ ഭൂമി ഉൾപ്പെട്ടോ എന്നറിയാനാണ് വനംവകുപ്പ് കേന്ദ്രത്തെ സമീപിച്ചത്. അടുത്ത മന്ത്രി സഭയിൽ ഇക്കാര്യം ഉന്നയിക്കും.