>>വി കോട്ടയം സ്വദേശിയായ കൊച്ചുചെറുക്കന് മഞ്ചേശ്വരത്ത് ലഭിച്ച പട്ടയത്തിന്റെ രേഖകൾ കൈമാറാതെ അങ്ങാടിക്കൽ വില്ലേജ് അധികൃതർ
കൊടുമൺ: ചെങ്ങറയിൽ കുടിയേറിയ ഭൂരഹിതന് കാസർകോട് മഞ്ചേശ്വരം ബഡേജ വില്ലേജിൽ ലഭിച്ച ഭൂമിയുടെ പട്ടയത്തിന്റെ രേഖകൾ നൽകാതെ വില്ലേജ് അധികൃതർ വട്ടംകറക്കുന്നു. രണ്ടര വർഷം ബഡേജയിലെ പട്ടയ ഭൂമിയിൽ താമസിച്ച വി.കോട്ടയം കുന്നിൻമുകളിൽ വീട്ടിൽ കൊച്ചുചെറുക്കനോടാണ് അങ്ങാടിക്കൽ വില്ലേജ് അധികൃതരുടെ ക്രൂരത.
കൊച്ചുചെറുക്കന്റെ ആധാറും മറ്റ് തിരിച്ചറിയൽ കാർഡുകളും വി കോട്ടയത്തെ വിലാസത്തിലാണ്. പട്ടയരേഖകൾ ബഡേജ വില്ലേജ് അധികൃതർ അങ്ങാടിക്കൽ വില്ലേജ് ഒാഫീസിലേക്ക് അയച്ചിരുന്നു. ഇയാൾ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കി പട്ടയം നൽകാമെന്ന് ബഡേജ വില്ലേജ് ഒാഫീസർ അങ്ങാടിക്കൽ വില്ലേജ് ഒാഫീസർക്ക് കത്തും നൽകി. എന്നാൽ, ബഡേജയിലെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തതിന്റെ പേരിൽ അങ്ങാടിക്കൽ വില്ലേജ് ഒാഫീസർ കൊച്ചുചെറുക്കന് പട്ടയ രേഖകൾ കൈമാറാതെ തിരിച്ചയച്ചു. 'പട്ടയം കിട്ടിയിട്ട് എനിക്ക് കണ്ണടയ്ക്കാൻ പറ്റുമോ സാറെ' എന്ന കൊച്ചുചെറുക്കന്റെ ദയനീയ ചോദ്യത്തോടും അങ്ങാടിക്കലെ വില്ലേജ് ഒാഫീസർക്ക് മറുപടിയില്ല.
കൊച്ചുചെറുക്കന്റെ ജീവിതം
ശാരീരിക അവശത നേരിടുന്ന 85കാരനായ കൊച്ചുചെറുക്കൻ ഇപ്പോൾ അടൂർ മഹാത്മ ജനസേവനകേന്ദ്രത്തിന്റെ കൊടുമൺ യൂണിറ്റിലെ അന്തേവാസിയാണ്.
ആവുന്ന കാലത്ത് അദ്ധ്വാനിച്ച് ജീവിച്ച കൊച്ചുചെറുക്കനും ഭാര്യ പൊടിയമ്മയും ചെങ്ങറ സമരത്തിൽ പങ്കെടുത്തവരാണ്. മഞ്ചേശ്വരം ബഡേജ വില്ലേജിൽ 50 സെന്റ് ഭൂമി ലഭിച്ചു. പൊടിയമ്മയേയും കൂട്ടി അവിടെ രണ്ടര വർഷം കൃഷി ചെയ്ത് ജീവിച്ചു. അകാലത്തിൽ പൊടിയമ്മ മരിച്ചപ്പോൾ വി കോട്ടയത്തേക്ക് തിരിച്ചുപോന്ന കൊച്ചുചെറുക്കൻ രോഗത്താൽ അവശനായി. കട വരാന്തയിലാണ് കിടന്നുറങ്ങിയത്. എം.എൽ.എയുടെയും പൊലീസിന്റെയും നിർദേശപ്രകാരം അടൂർ മഹാത്മജനസേവന കേന്ദ്രത്തിന്റെ കൊടുമൺ യൂണിറ്റ് ഏറ്റെടുത്തു.
>>
ബഡാജെ വില്ലേജ് സഹായിച്ചു, അങ്ങാടിക്കൽ വില്ലേജ് ചതിച്ചു
വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ മഞ്ചേശ്വരം ബഡാജെ വില്ലേജിൽ കൊച്ചുചെറുക്കൻ താമസിച്ചിരുന്ന 50സെന്റ് ഭൂമിക്ക് പട്ടയം ലഭിച്ചിട്ടുണ്ട്. കൊച്ചുചെറുക്കന്റെയും ഭാര്യയുടെയും പേരിലാണ് പട്ടയം. നേരിട്ട് ചെന്നാൽ പട്ടയം ലഭിക്കുമെന്ന് മറുപടിയിലുണ്ട്. എന്നാൽ, അവശനായ കൊച്ചു ചെറുക്കന് ദീർഘദൂര യാത്ര അസാദ്ധ്യമാണ്. ഇക്കാര്യം ബഡാജെ വില്ലേജ് ഒാഫീസറെ അറിയിച്ചപ്പോൾ കൊച്ചുചെറുക്കൻ താമസിക്കുന്ന അങ്ങാടിക്കൽ വില്ലേജിലേക്ക് പട്ടയം രജിസ്റ്റേർഡ് പാേസ്റ്റിൽ അയച്ചു കൊടുത്തു. അങ്ങാടിക്കൽ വില്ലേജ് ഒാഫീസർ അന്വേഷണം നടത്തി പട്ടയം നേരിട്ട് കൊടുക്കണമെന്ന് കത്തുമുണ്ടായിരുന്നു. ഇതേതുടർന്ന് കൊച്ചുചെറുക്കനെ തിരിച്ചറിയൽ കാർഡുകളുമായി മഹാത്മ ജനസേവനകേന്ദ്രം പ്രവർത്തകർ അങ്ങാടിക്കൽ വില്ലേജ് ഒാഫീസിൽ നേരിട്ട് എത്തിച്ചു. എന്നാൽ, കൊച്ചു ചെറുക്കന്റെ മൊഴി രേഖപ്പെടുത്താൻ തയ്യാറായില്ല. പിന്നീട് രണ്ട് ജീവനക്കാർ മഹാത്മയിലെത്തി കൊച്ചുചെറുക്കന്റെ മൊഴിയെടുത്തു. കൊച്ചുചെറുക്കന് പട്ടയം കൊടുക്കേണ്ട എന്നാണ് വില്ലേജ് ഒാഫീസർ എഴുതിയത്.