പത്തനംതിട്ട : കവിയൂർ - ചങ്ങനാശ്ശേരി റോഡിൽ ടാറിംഗിന്റെ ഭാഗമായി മുടങ്ങിയ ജലവിതരണം യുദ്ധകാലാടിസ്ഥാനത്തിൽ പുന:സ്ഥാപിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.
ജലവിതരണം ശരിയാകുന്നതുവരെ അടിയന്തരമായി കുടിവെള്ളം എത്തിക്കാൻ കളക്ടറുടെ മേൽനോട്ടത്തിൽ ജലഅതോറിറ്റി നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശിച്ചു.
ആലുവയിലെ ജലശുദ്ധീകരണ ശാലയിൽ ഇപ്പോൾ 5 ഹൈഡ്രന്റുകൾ വഴി പ്രതിദിനം 250 കുടിവെള്ള ടാങ്കറുകൾക്ക് വെളളം കൊടുക്കാനുള്ള സൗകര്യമുണ്ടെന്ന് കമ്മിഷൻ ചൂണ്ടിക്കാണിച്ചു. കൂടാതെ 5 ഹൈഡ്രന്റുകളുടെ പണി നടക്കുകയുമാണ്. ഇക്കാര്യം പത്തനംതിട്ട ജില്ലാ കളക്ടർ പ്രതേ്യകം ശ്രദ്ധിക്കണമെന്നും കമ്മിഷൻ ചൂണ്ടിക്കാണിച്ചു.
പത്തനംതിട്ടയിൽ ഇക്കഴിഞ്ഞ 17 ന് നടന്ന സിറ്റിംഗിൽ ഹാജരായ പരാതിക്കാരൻ ജേക്കബ് മാത്യു തങ്ങൾക്ക് ഒൻപത് മാസമായി കുടിവെള്ളം ലഭിക്കുന്നില്ലെന്ന് പറഞ്ഞു. കേരള ജല അതോറിറ്റി കമ്മിഷനിൽ റിപ്പോർട്ട് സമർപ്പിച്ചു. റോഡ് പണിയുടെ ഭാഗമായി പൈപ്പ് ലൈനുകൾ പുനരുപയോഗത്തിന് സാധ്യമല്ലാത്ത നിലയിൽ നശിപ്പിക്കപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. 2019 മേയ് മുതൽ 600 ഓളം ഗാർഹിക ഉപഭോക്താക്കൾക്ക് ജലവിതരണം പൂർണമായി മുടങ്ങി. മറ്റ് റോഡുകളിലുള്ള പൈപ്പ് ലൈനുകളുമായി ബന്ധിക്കാൻ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കാനുള്ള എസ്റ്റിമേറ്റ് പൊതുമരാമത്തിന് സമർപ്പിച്ചിട്ടുള്ളതായി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ പൊതുമരാമത്ത് റോഡ്സ് സബ്ഡിവിഷനിൽ ഡിസംബർ 24 ന് സമർപ്പിച്ച റിപ്പോർട്ടിൽ പൊട്ടിയ പൈപ്പുകൾ നന്നാക്കിയിട്ടുള്ളതായിപറയുന്നു. 5.53 കോടിരൂപ കിഫ്ബിയിൽ നിന്ന് വാങ്ങി ജല അതോറിറ്റിക്ക് കൈമാറിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.