അടൂർ: പറക്കോട് കോട്ടമുകൾ മിനി ജംഗ്ഷനു സമീപം മൂലപ്പാറ വിള വീട്ടിൽ ഷെമീമിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന വയല ഫാത്തിമ മൻസിലിൽ സുധീർ (42)നെ പൊലീസ് അറസ്റ്റുചെയ്തു. നാല് മാസത്തിന് ശേഷം തമിഴ്നാട്ടിൽ നിന്നാണ് പിടിയിലായത്. അടൂർ ഡി.വൈ.എസ്.പി ജവഹർജനർദ്ദിന്റെ നിർദ്ദേശത്തെ തുടർന്ന് സി.ഐ യു.ബിജുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് .കഴിഞ്ഞ സെപ്തംബർ 30 നായിരുന്നു കേസിന് ആസ്പദമായ സംഭവം . ഷെമീമിന്റെ സഹോദരനെ സുധീർ അടൂർ സെൻട്രൽ ജംഗ്ഷന് സമീപമുള്ള ബാറിൽ വച്ച് മർദ്ദിച്ചു. ഇത് ചോദ്യം ചെയ്യാൻ എത്തിയ ഷെമീമിനെ പറക്കോട്ടെ ബാറിന്റെ പ്രവേശനകവാടത്തിൽ വച്ച് കത്തികൊണ്ട് നെഞ്ചിൽ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷെമീം ദിവസങ്ങളോളം തിരുവല്ലയിലെ സ്വകാര്യമെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. സംഭവത്തിനു ശേഷം സുധീർ ഊട്ടിയിലും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിലും ഒളിവിൽ താമസിക്കുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ മനസിലാക്കി തമിഴ്നാട്ടിലെ അംബ സമുദ്രത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. അടൂർ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.ഐ മാരായ ശ്രീജിത്ത് , ഷാജഹാൻ, എ.എസ്.ഐ ബിജു, സീനിയർ സിവിൽ പൊലീസ് ഓഫീസർ മുനീർ, സിവിൽ പൊലീസ് ഓഫീസർമാരായ ദീലീപ്, ശരത് കുമാർ എന്നിവരും ഉണ്ടായിരുന്നു.