പത്തനംതിട്ട: അർഹതപ്പെട്ട എല്ലാവർക്കും നിയമാനുസൃതമായി ലഭിക്കേണ്ട ഭൂമി സർക്കാർ നൽകുമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ജില്ലാ പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വനം,പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ ജില്ലയിൽ നാലായിരത്തോളം പട്ടയങ്ങൾ താമസിയാതെ വിതരണം ചെയ്യാനാകും. മേയ് മാസത്തിൽ മറ്റൊരു പട്ടയമേള നടത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഒരു ലക്ഷത്തി നാൽപതിനായിരം പട്ടയങ്ങൾ വിതരണം ചെയ്തു. ഭൂമിക്ക് പട്ടയം കിട്ടാൻ അർഹതയുള്ള ധാരാളം കുടുംബങ്ങൾ ഇനിയും ബാക്കിയുണ്ട്. അവർക്ക് അപേക്ഷ സമർപ്പിക്കുവാൻ ഒരു വർഷം കൂടി സർക്കാർ സമയം അനുവദിച്ചിട്ടുണ്ട്.
വീണാ ജോർജ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയായിരുന്നു. ജില്ലാ കളക്ടർ പി.ബി നൂഹ് റിപ്പോർട്ട് അവതരിപ്പിച്ചു. എം.എൽ.എ മാരായ രാജു എബ്രഹാം, കെ.യു. ജനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, നഗരസഭ കൗൺസിലർ സുശീല പുഷ്പൻ, കോഴഞ്ചേരി തഹസിൽദാർ കെ.ഓമനക്കുട്ടൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.പി ജയൻ, അലക്‌സ് കണ്ണമല, എബ്രഹാം തലവടി, സനോജ് മേമന, എൻ.എം രാജു, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. തിരുവല്ല സബ് കളക്ടർ ഡോ.വിനയ് ഗോയൽ സ്വാഗതവും അടൂർ ആർ.ഡി.ഒ:പി.ടി എബ്രഹാം നന്ദിയും പറഞ്ഞു.