തിരുവല്ല: അഗ്രിഹോർട്ടികൾച്ചർ സൊസൈറ്റിയുടേയും പുഷ്പഗിരി ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് മുതൽ ഫെബ്രുവരി രണ്ടുവരെ പബ്ലിക്ക് സ്റ്റേഡിയത്തിൽ പുഷ്‌പോത്സവം നടക്കും. ഇന്ന് രാവിലെ 10ന് മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പവലിയന്റെ ഉദ്ഘാടനം സബ്ബ് കളക്ടർ ഡോ.വിനയ് ഗോയലും മെഡിക്കൽ എക്‌സിബിഷന്റെ ഉദ്ഘാടനം ഡിവൈ.എസ്.പി ഉമേഷ്‌കുമാറും നിർവ്വഹിക്കും. വൈകിട്ട് 6ന് കലാസന്ധ്യ ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്യും. തുടർന്ന് നൃത്തനൃത്യങ്ങളും മാജിക്ക്‌ഷോയും നടക്കും. ദിവസവും വൈകിട്ട് 6.30 മുതൽ സിനിമാ, ടി.വി താരങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഫാഷൻ ഷോയും ഉണ്ടാകും. മിസ്സ് തിരുവല്ല മത്സരം, കേശാലങ്കാര മത്സരം, കുട്ടികൾക്കായി പുഷ്പരാജൻ, പുഷ്പറാണിമത്സരം എന്നിവ നടത്തും. താലൂക്കിലെ നല്ല കർഷകരെ തെരഞ്ഞെടുത്ത് അവാർഡ് നൽകും. ഒരുലക്ഷം ചതുരശ്രഅടി ഹാംഗർ പന്തലീലാണ് പുഷ്പമേള ഒരുക്കിയിട്ടുള്ളത്. വെജിറ്റബിൾ കാർവിംഗ്, മെഡിക്കൽ പ്രദർശനം, പൂക്കളുടെ ക്രമീകരണം, അലങ്കാര മത്സ്യങ്ങളുടെ വൈവിദ്ധ്യം, അമ്യൂസ്‌മെന്റ് പാർക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. എല്ലാവിധ പൂച്ചെടികളും ഫലവൃക്ഷതൈകളും വിത്തുകളും അടങ്ങുന്ന നേഴ്‌സറി, ഫുഡ്‌കോർട്ട് എന്നിവ സജ്ജമാക്കി. സൊസൈറ്റി അംഗങ്ങൾക്കായി ഹോം ഗാർഡൻ മത്സരം വെളളിയാഴ്ച നടക്കുമെന്നും സംഘാടകർ അിറയിച്ചു. പുഷ്‌പോത്സവത്തിന്റെ പ്രചരണവാഹന ജാഥയുടെ ഫ്‌ളാഗ് ഒഫ് കർമ്മം ജില്ലാ കളക്ടർപി.ബി.നൂഹ് നിർവ്വഹിച്ചു. മുൻസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ അദ്ധ്യക്ഷനായി.