അടൂർ : വ്യാജടാക്സികൾ പിടികൂടാൻ വാഹന പരിശോധന നടത്തിയ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്ക് നേരേ കൈയേറ്റ ശ്രമം നടത്തിയതായി പരാതി. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കലഞ്ഞൂരിൽ പരിശോധന നടത്തിയ അടൂർ ജോയിന്റ് ആർ. ടി ഒാഫീസിലെ സുരേഷ് വിജയൻ, വി. ആർ. നിഥിൻ, കെ. ബിജു എന്നിവരെയാണ് കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്. കെ. ബിജുവിനെ മർദ്ദിച്ചതായും നിഥിന്റെ യൂണിഫോം വലിച്ചുകീറാൻ ശ്രമിച്ചതായും പരാതിയുണ്ട്. പുനലൂർ ആർ. ടി. ഒാഫീസിൽ താത്കാലിക രജിസ്ട്രേഷനുള്ള വാഹനമാണ് തടഞ്ഞത്. ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ കലഞ്ഞൂർ സ്വദേശി സിബിയുടേതാണ് വാഹനം. രേഖകൾ ആവശ്യപ്പെട്ടപ്പോൾ താൻ വാഹനം വാടകയ്ക്ക് എടുത്തതാണെന്ന് സിബി പറഞ്ഞു. രേഖകകൾ ഹാജരാക്കും വരെ വാഹനം കൂടൽ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുന്നതിനായി റിപ്പോർട്ട് തയ്യാറാക്കവേ മറ്റൊരു വാഹനത്തിലെത്തിയവർ അസഭ്യം പറയുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തെന്നു കാട്ടിയാണ് മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ കൂടൽ പൊലീസിന് പരാതി നൽകിയത്. വാഹനം പിടിച്ചെടുത്തു. സിബിക്കും കണ്ടാൽ അറിയാവുന്ന രണ്ടുപേർക്കുമെതിരെ കേസ് എടുത്തെങ്കിലും സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആഡംര സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന പുനലൂർ സ്വദേശിയുടേതാണ് ഇൗ വാഹനമെന്ന് വിവരം ലഭിച്ചിട്ടുണ്ട്.