പത്തനംതിട്ട :ജനുവരി 13ന് ശബരിമലയിലേക്ക് പോയ തിരുവാഭരണ ഘോഷയാത്രാസംഘം ഇന്ന് പന്തളത്ത് മടങ്ങിയെത്തും. ഇന്നലെ പുലർച്ചെ പെരുനാട്ടിൽനിന്ന് തിരിച്ച് ഇടക്കുളം, കീക്കൊഴൂർ ഇടപ്പാവൂർ, മുക്കന്നൂർ, പുതിയ കാവ് , കോഴഞ്ചേരി വഴി ആറന്മുള മങ്ങാട്ട് കൊട്ടാരത്തിലെത്തിച്ചേർന്നു. ഇവിടെ ആഭരണങ്ങൾ ദർശനത്തിനായി തുറന്നുവച്ചു
ഇന്ന് പുലർച്ചെ ആറന്മുളയിൽനിന്ന് തിരിച്ച് കുറിയാനപ്പള്ളി, ഉള്ളന്നൂർ, കുളനട വഴിയാണ് രാവിലെ ഏഴുമണിയോടെ പന്തളത്തെത്തുന്നത്.
ഉള്ളന്നൂരിൽ വിവിധ സംഘടനകൾ സ്വീകരണമൊരുക്കും. കുളനട ഭഗവതിക്ഷേത്രത്തിലും സ്വീകരണമുണ്ടാകും. കുളനടയിൽനിന്ന് പന്തളത്തേക്കുള്ള വഴിയിൽ വിവിധ സംഘടനകളും ഭക്തരും സ്വീകരിക്കും.
പന്തളം കൊട്ടാരത്തിലെത്തിക്കുന്ന ആഭരണപ്പെട്ടികൾ ദേവസ്വം ബോർഡ് അധികാരികളിൽനിന്ന് കൊട്ടാരം നിർവാഹകസംഘം ഏറ്റുവാങ്ങി സുരക്ഷിതമുറിയിൽ സൂക്ഷിക്കും. അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രത്തിനും വിഷുവിനുമാണ് ഇനി തിരുവാഭരണങ്ങൾ ദർശനത്തിനായി വെയ്ക്കുന്നത്.