തിരുവല്ല : മദ്യപിക്കാൻ പണം നൽകാത്തതിനെ തുടർന്ന് മണ്ണെണ്ണ ഒഴിച്ച് റേഷൻ കട കത്തിക്കാനൊരുങ്ങിയ യുവാവിനെ നാട്ടുകാർ ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. തിരുവല്ല മന്നൻകരച്ചിറയിൽ ഇന്നലെ വൈകിട്ട് ആറിനാണ് സംഭവം. യുവാവിന്റെ മണ്ണെണ്ണ പ്രയോഗത്തിൽ 20 ചാക്ക് റേഷനരിയും ഒരു ചാക്ക് പഞ്ചസാരയും ഉപയോഗശൂന്യമായി. മന്നൻകരച്ചിറ ചാലക്കുഴി മാളിയേക്കൽ വീട്ടിൽ ബിജു എം. പൗലോസ് (35) ആണ് പിടിയിലായത്. നഗരസഭാ മുൻ കൗൺസിലറായ കെ.കെ സോമശേഖരൻപിള്ളയുടെ ഉടമസ്ഥതയിലുള്ള 85-ാം നമ്പർ റേഷൻകടയ്ക്ക് നേരെയായിരുന്നു യുവാവിന്റെ അതിക്രമം. കടയിലെത്തിയ ബിജു മദ്യപിക്കാൻ 500 രൂപ ആവശ്യപ്പെട്ടു. പണം നൽകില്ലെന്ന് കടയുടമ പറഞ്ഞതോടെ കടയുടെ തിണ്ണയിൽ ബാരലിൽ സൂക്ഷിച്ചിരുന്ന പതിനഞ്ച് ലിറ്ററോളം വരുന്ന മണ്ണെണ്ണയെടുത്ത് അരിച്ചാക്കുകൾ ഉൾപ്പടെയുള്ളവയുടെ മുകളിലേക്ക് ഒഴിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ കടയുടമയും സഹായിയും മണ്ണെണ്ണയിൽ കുളിച്ചു. തുടർന്നായിരുന്നു പോക്കറ്റിൽ നിന്ന് തീപ്പെട്ടി എടുത്തുകാട്ടി കട കത്തിക്കുമെന്ന യുവാവിന്റെ ഭീഷണി. ഇതോടെ കടയുടമയും സഹായിയും ബഹളംവെച്ചു. നാട്ടുകാർ ഓടിക്കൂടുന്നത് കണ്ടതോടെ ബിജു സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്നാണ് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. കടയുടമ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ബിജുവിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.