പെരുമ്പെട്ടി : കരിയംപ്ലാവ് വനം ഔട്ട് പോസ്റ്റിൽ ജീവനക്കാരില്ലാതായിട്ട് വർഷങ്ങളായി.1989 ൽ പ്രവർത്തനം ആരംഭിച്ച ഔട്ട് പോസ്റ്റാണിത്. ഇപ്പോൾ പത്ത് വർഷത്തിൽ മേലെയായി ഔട്ട് പോസ്റ്റ് പ്രവർത്തിക്കുന്നില്ല. റാന്നി വനം അധികൃതർക്ക് പോലും ഇതിന് വ്യക്തമായി മറുപടിയില്ല. ഫോറസ്റ്റ് ബെൽറ്റുപോലുമില്ല ഇവിടെ. കാടും നാടും തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയാണിപ്പോൾ.കരിയംപ്ലാവ് ഔട്ട് പോസ്റ്റിൽ ഒരു ഫോറസ്റ്റ് ഓഫീസറും രണ്ട് ഗാർഡുമാരുമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ റാന്നി ഓഫീസിൽ നിന്ന് ജീവനക്കാർ എല്ലാ ദിവസവും ജോലിയ്ക്ക് പോകാറുണ്ടെന്നാണ് വനം അധികൃതർ പറയുന്നത്.എന്നാൽ ജീവനക്കാരെ ഇവിടെയെങ്ങും കാണാറില്ലെന്ന് നാട്ടുകാർ പറയുന്നു.വനം സർവേ നടന്ന സമയം ഉദ്യോഗസ്ഥർ ഇവിടെ എത്തിയിരുന്നു.പിന്നീട് ആരും ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ആർക്കുവേണമെങ്കിലും കയറിപോകാൻ പറ്റുന്ന സ്ഥലമാണിത്.തടയാനോ ചോദ്യം ചെയ്യാനോ ആരും വരില്ല.കുരങ്ങ്,കാട്ടുപന്നി,പെരുമ്പാമ്പ് എന്നിവയുള്ള സ്ഥലമാണിത്. പെരുമ്പാമ്പിനെ കണ്ടാൽ 20 കിലോമീറ്റർ അപ്പുറത്തുള്ള കക്കുടുമൺ ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വേണം ഓഫീസർമാരെത്തി പെരുമ്പാമ്പിനെ കൊണ്ടു പോകാൻ. കാട്ടുതീ വന്നാലും വനം അധികൃതർ എത്തണമെങ്കിൽ സമയം എടുക്കും.
"ഇപ്പോൾ കരിയംപ്ലാവ് ഔട്ട് പോസ്റ്റ് പ്രവർത്തിയ്ക്കുന്നില്ല. നിലവിൽ ദിവസവും റാന്നി ഓഫീസിൽ നിന്ന് ജീവനക്കാർ ജോലിയ്ക്ക് പോകാറുണ്ട്.കൂടുതൽ വിവരങ്ങൾ അറിയില്ല.
(വനംവകുപ്പ് അധികൃതർ)
"പൊന്തൻപുഴ കേസിൽ കിടക്കുന്ന സ്ഥലമാണിവിടം.വനം വകുപ്പ് ഉദ്യോഗസ്ഥർ ഇങ്ങോട്ട് വരാറെയില്ല.ചിലപ്പോൾ എന്തെങ്കിലും സർവേ പോലുള്ള കാര്യങ്ങൾക്ക് എല്ലാവരും കൂടി വന്നിട്ട് പോകും.ഇവിടെ കാടും നാടും തമ്മിൽ ഒരു പോലെയാണ്. നാട്ടിൽ നിന്ന് തീയൊക്കെ കാട്ടിലേക്ക് തിരിച്ചും പടരാതിരിക്കാൻ ഫോറസ്റ്റ് ബെൽട്ട് ഇടാറുണ്ട്. ഇവിടെ അതുമില്ല.
(പ്രദേശവാസി)
കരിയം പ്ലാവ് ഔട്ട് പോസ്റ്റിൽ രണ്ട് മുറിയും കംഫർട്ട് സ്റ്റേഷനുമാണ് ഉള്ളത്.സമീപത്തായി ഒരു ക്വാർട്ടേഴ്സും ഉണ്ട്.
കരിയംപ്ളാവിൽ നിന്ന് 20 കിലോ മീറ്റർ അകലെയുള്ള ഏറ്റവും അടുത്ത ഫോറസ്റ്റ് സ്റ്റേഷൻ കക്കുടുമൺ
-ഔട്ട് പോസ്റ്റിൽ ഉണ്ടായിരുന്ന ജീവനക്കാർ ഒരു ഫോറസ്റ്റ് ഓഫീസറും രണ്ട് ഗാർഡുമാരും
- ഇവരെ കാണാറേയില്ലെന്ന് പ്രദേവാസികൾ