പത്തനംതിട്ട; നാവികസേനയിൽ നിന്ന് പത്തുവർഷം സർവീസ് പൂർത്തിയാക്കി 1976നു മുമ്പ് പുറത്തിറങ്ങിയവർക്കു കൂടി പെൻഷൻ അനുവദിക്കണമെന്ന് എക്‌സ് സർവീസ്‌മെൻ നോൺ പെൻഷനേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ദീർഘകാലത്തെ നിയമപോരാട്ടത്തിനൊടുവിൽ 1976 ന് ശേഷം സർവീസിൽ നിന്നു വിരമിച്ചവർക്ക് പെൻഷൻ നൽകാൻ തീരുമാനമുണ്ടായിട്ടുണ്ട്. സുപ്രീംകോടതിയിൽ നിലനിന്ന കേസുകൾക്ക് തീരുമാനമായാണ് പെൻഷൻ അനുവദിച്ചത്. എന്നാൽ 1976നു മുമ്പ് സർവീസിലുണ്ടായിരുന്നവർക്ക് നേരത്തെ നിലനിന്ന തീരുമാന പ്രകാരം പത്തുവർഷം കൂടി സേവനം ലഭ്യമാകുമെന്ന് നേരത്തെയുള്ള ഉത്തരവ് പിൻബലമാക്കിയാണ് ഇവർക്ക് പെൻഷൻ നിഷേധിച്ചിരിക്കുന്നത്. എന്നാൽ ഇത്തരമൊരു ഉത്തരവ് നിലവിൽ ഇല്ലെന്നും കേസിൽ സുപ്രീംകോടതിയെ നാവികസേന തെറ്റിദ്ധരിപ്പിച്ചതായും പെൻഷനേഴ്‌സ് അസോസിയേഷൻ കുറ്റപ്പെടുത്തി. പത്തുവർഷം നാവികസേനയിൽ സേവനം ചെയ്തിട്ടുള്ള എല്ലാവരും പെൻഷനു യോഗ്യരാണെന്ന അഭിപ്രായമാണ് സംഘടനയ്ക്കുള്ളതെന്നും ഭാരവാഹികൾ പറഞ്ഞു. രാജ്യത്താകമാനം 6000 സൈനികർ ഇത്തരത്തിൽ പെൻഷനു യോഗ്യരായിട്ടുള്ളവരാണെന്നും അവർ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് ജോർജ് സൈബു, ജനറൽ സെക്രട്ടറി വക്കം ചന്ദ്രമോഹൻ, വൈസ് പ്രസിഡന്റ് ടി. ശെൽവരാജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.