അടൂർ : അമ്മയേയും അച്ഛനേയും സഹോദരങ്ങളേയും, സമൂഹത്തേയും സ്നേഹിക്കാനും ഉയരങ്ങളിലെത്താനുമുള്ള ലഹരിയാണ് യുവതലമുറയും വിദ്യാർത്ഥി സമൂഹവും ആർജ്ജിച്ചെടുക്കേണ്ടതെന്ന് ഡി. വൈ. എസ്. പി ജവഹർ ജനാർദ്ദ് പറഞ്ഞു. അടൂർ എസ്. എൻ ഐ. ടിയും കേരളകൗമുദിയും സംയുക്തമായി അടൂർ ഹോളിഎയ്ഞ്ചൽസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ബോധപൗർണ്ണമി ലഹരിവിരുദ്ധ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാതാപിതാക്കൾ ചിരിക്കുന്നത് കാണുന്നതിലാകണം ലഹരി. അല്ലാതെ അവരെ കരിയിപ്പിക്കുന്നതിലല്ല. വിദ്യാർത്ഥികൾക്കിടയിൽ അടുത്തകാലത്തായി ലഹരിയുടെ വഴിസ്വീകരിക്കുന്ന പ്രവണത വർദ്ധിച്ചുവരുന്നുണ്ട്. കുട്ടികളുടെ അജ്ഞതയോ, ജിജ്ഞാസയോ ആകാം ലഹരിയുടെ വഴി സ്വീകരിക്കുന്ന പ്രവണതയിലേക്ക് തള്ളിവിടുന്നത്. സമൂഹത്തിൽ ഇന്ന് ഉണ്ടാകുന്ന കുറ്റ കൃത്യങ്ങളിലേറെയും ലഹരിക്ക് അടിമപ്പെടുന്നതുവഴിയാണ്. അതുവഴി കുടുംബന്ധങ്ങളിൽപ്പോലും ശൈഥില്യം ഏറിവരികയാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രിൻസിപ്പൽ ഫാ. ജേക്കബ് മാത്യു ഇടയിഴേത്ത് അദ്ധ്യക്ഷതവഹിച്ചു. ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ചുള്ള അജ്ഞതയാണ് ഇതിലേക്ക് കുട്ടികളെ തള്ളിവിടാൻ ഇടയാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എസ്. എൻ. ഐ. ടി വൈസ് പ്രിൻസിപ്പൽ എൻ. രാധാകൃഷ്ണൻ നായർ ആമുഖ പ്രഭാഷണവും കേരളകൗമുദി യൂണിറ്റ് ചീഫ് സാം ചെമ്പകത്തിൽ മുഖ്യ പ്രഭാഷണവും നടത്തി. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് സർക്കുലേഷൻ മാനേജർ സി. രതീഷ് സന്ദേശം നൽകി. അനിൽ കൂടൽ പദ്ധതി വിശദീകരിച്ചു. എസ്. എൻ. ട്രസ്റ്റ് ബോർഡ് അംഗം വി. എസ്. യശോധര പണിക്കർ, കേരളകൗമുദി ലേഖകൻ അടൂർ പ്രദീപ് കുമാർ, അദ്ധ്യാപിക സുജ എന്നിവർ പ്രസംഗിച്ചു.എക്സൈസ് പ്രിവന്റീവ് ഒാഫീസർ ബിനുവർഗീസ് ക്ളാസെടുത്തു.