25-thiruvabharanam
തിരുവാഭരണ ഘോഷയാത്ര പന്തളത്ത് തിരിച്ചെത്തിയപ്പോൾ

പന്തളം: ശബരിമലയിൽ നിന്ന് പന്തളത്ത് തിരിച്ചെത്തിയ തിരുവാഭരണ ഘോഷയാത്രയ്ക്ക് ഭക്തിസാന്ദ്രമായ വരവേൽപ്. ആറന്മുള മങ്ങാട്ട് കൊട്ടാരത്തിൽ 23ന് വൈകിട്ടെത്തിയ ഘോഷയാത്രാ സംഘം അവിടെ വിശ്രമിച്ച് ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് പുറപ്പെട്ടത്. രാവിലെ ഏഴേ മുക്കാലോടെ പന്തളം വലിയ പാലത്തിലെത്തിയപ്പോൾ വലിയകോയിക്കൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പൃഥ്വിപാലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. തുടർന്ന്, നഗരസഭാദ്ധ്യക്ഷ ടി.കെ. സതിയുടെ നേതൃത്വത്തിൽ നഗരസഭയുടെയും അമൃതാനന്ദമയീമഠത്തിന്റെയും ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. മണികണ്ഠൻ ആൽത്തറയിൽ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. ഡി. വിജയകുമാറിന്റെ നേതൃത്വത്തിൽ അയ്യപ്പസേവാസംഘവും യോഗക്ഷേമസഭ, മുട്ടാർ ശ്രീഅയ്യപ്പക്ഷേത്രം, സമസ്ത നായർ സമാജവും എന്നിവയും സ്വീകരണം നൽകി.
മേടക്കല്ലിൽ പന്തളം കൊട്ടാരം നിർവാഹക സംഘം സെക്രട്ടറി പി.എൻ. നാരായണ വർമ്മയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ക്ഷത്രിയ ക്ഷേമസഭ, പാലസ് വെൽഫെയർ ട്രസ്റ്റ് ഭാരവാഹികളും, ദേവസ്വം ബോർഡിനു വേണ്ടി വലിയകോയിക്കൽ ക്ഷേത്രം എ.ഒ. ആർ.എസ്. ഉണ്ണിക്കൃഷ്ണനും സ്വീകരിച്ചു.

തുടർന്ന് കൊട്ടാരം ഭാരവാഹികൾ തിരുവാഭരണങ്ങൾ പരിശോധിച്ച് ദേവസ്വം ബോർഡ് അധികൃതരിൽ നിന്ന് ഏറ്റുവാങ്ങി സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവാഭരണ മാളികയിലെ സുരക്ഷിതമുറിയിലേക്കു മാറ്റി.
ഘോഷയാത്രയ്ക്ക് ഉള്ളന്നൂർ കുളക്കരയിൽ ശ്രീ പാർത്ഥസാരഥി സേവാസമിതി, മണ്ണടി പീടികയിൽ ഹൈന്ദവ സേവാ സമിതി, കാഞ്ഞിരമല പടിയിൽ ശബരിമല അയ്യപ്പ സമാജം, പൈവഴി ജംഗ്ഷനിൽ ഉള്ളന്നൂർ ശ്രീഭദ്രാദേവീ ക്ഷേത്രോപദേശക സമിതി, ബാലഗോകുലം, പാറ ജംഗ്ഷനിൽ ഹിന്ദു ഐക്യവേദി, പുതുവാക്കൽ ഗ്രാമീണ വായനശാല, കൈപ്പുഴ ഗുരുമന്ദിരത്തിനു മുമ്പിൽ എസ്എൻഡിപി ശാഖായോഗം ഭാരവാഹികളും സ്വീകരണം നൽകി.
കുളനടയിൽ കുളനട ഗ്രാമപഞ്ചായത്ത്, കുളനട ദേവീക്ഷേത്ര ഭരണ സമിതി, കൈപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രോപദേശക സമിതി എന്നിവർ സ്വീകരിച്ചു.
മകവിളക്കിനു ശബരിമലയിൽ അയ്യപ്പനു ചാർത്താൻ ജനുവരി 13നാണ് തിരുവാഭരണങ്ങൾ പന്തളത്തു നിന്ന് കൊണ്ടുപോയത്. അയ്യപ്പന്റെ പിറന്നാളായ കുംഭത്തിലെ ഉത്രം ഉത്സവത്തിനും വിഷുവിനും പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഇനി തിരുവാഭരണങ്ങൾ ചാർത്തും.