25-dr-sunil

പത്തനംതിട്ട: സാമൂഹ്യ പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവന രഹിതർക്ക് പണിത് നൽകുന്ന 159മത്തെയും 160 മത്തെയും വീടുകൾ ഉറുകുന്ന് പാണ്ഡവൻ പാറയുടെ അടിവാരത്ത് കുടിലുകളിൽ കഴിയുകയായിരുന്ന വിധവയായ മേരിക്കുട്ടിക്കും ജിൻസിക്കും നൽകി.

ഷിക്കാഗോ മലയാളി അസോസിയേഷന്റെ സഹായത്തോടെയാണ് വീടുകൾ നിർമിച്ചത്. മേരിക്കുട്ടി ഭർത്താവ് മരിച്ചു രണ്ടുപെൺ കുഞ്ഞുങ്ങളുമായി സുരക്ഷിതമല്ലാത്ത അവസ്ഥയിലായിരുന്നു. മേരിക്കുട്ടിയുടെ വീടിന്റെ താക്കോൽ ദാനം അസോസിയേഷൻ അംഗം സണ്ണി ചിറയിൽ നിർവഹിച്ചു. ജിൻസി രോഗിയായ ഭർത്താവ് ഗബ്രിയേലും നാല് കുഞ്ഞുങ്ങളുമായി തകർന്ന ഒറ്റമുറി ഷെഡിലാണ് കഴിഞ്ഞിരുന്നത്. ഇവരുടെ വീടിന്റെ താക്കോൽദാനം അസോസിയേഷൻ അംഗം സാബു കട്ടപ്പുറം നിർവഹിച്ചു. രണ്ടു മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീടുകളാണ് നിർമ്മിച്ചത്. വാർഡ് അംഗം ആരിഫ അഷറഫ്, കെ.പി. ജയലാൽ, മോസസ് സെബാസ്റ്റ്യൻ, ഹരിത കൃഷ്ണൻ എന്നിവർ പങ്കെടുത്തു.