പത്തനംതിട്ട: ജില്ല കടുത്ത വരൾച്ചയുടെ പിടിയിലായതോടെ കൃഷികൾ കരിഞ്ഞുണങ്ങുന്നു.കൃഷി സ്ഥലങ്ങളിലേക്ക് ജലസേനചനത്തിനായി നിർമ്മിച്ച കല്ലട,പമ്പ ഇറിഗേഷൻ കനാലുകൾ കാട് മൂടിയത് വെട്ടിത്തെളിച്ച് വൃത്തിയാക്കിയിട്ടില്ല.പലയിടങ്ങളിലും മണ്ണിടിഞ്ഞ് വീണ് കനാലുകൾ നികന്നിട്ടുണ്ട്.കെ.എെ.പി(കല്ലട ഇറിഗേഷൻ പ്രൊജക്ട്) യുടെ വലതുകര മെയിൻ കനാലിലൂടെ വെളളം ഒഴുക്കി വിട്ടെങ്കിലും കൃഷിയിടങ്ങളിലെത്തിയില്ല. കാടും മണ്ണും വെളളം ഒഴുക്കിന് തടസമായിട്ടുണ്ട്.ചിലയിടങ്ങളിൽ ഉപകനാലുകളിലേക്കുളള ഷട്ടറുകൾ തുറന്നിട്ടുമില്ല.കലഞ്ഞൂർ, കൊടുമൺ, ഏനാദിമംഗലം,വളളിക്കോട്, പളളിക്കൽ,കടമ്പനാട്,ഏറത്ത്, ഏഴംകുളം പഞ്ചായത്തുകളും അടൂർ നഗരസഭയും കടുത്ത ജലക്ഷാമം നേരിടുകയാണ്.വേനൽക്കാലത്ത് കനാൽ വെളളം തുറന്നു വിടുന്നത് കർഷകർക്കും വീടുകൾക്ക് വലിയ ആശ്വസമാണ്.കൃഷിയിടങ്ങളിലും കിണറുകളിലും വെളളം എത്തുന്നതിനാൽ വലിയ ദുരതത്തിനാണ് അറുതിയാകുന്നത്.പാടങ്ങളിൽ കതിരിട്ട നെല്ലുകൾ കരിഞ്ഞു തുടങ്ങി.നിലങ്ങളിൽ വാഴയും ഇഞ്ചിയും മഞ്ഞളും ചേനയുമൊക്കെ നടുന്ന കാലാമാണിത്.ഉപകനാലിലെ വെളളത്തെ ആശ്രയിച്ചാണ് കർഷകർ വാഴ കൃഷി നടത്തുന്നത്.മെയിൻ കനാലിലൂടെ വെളളം ഒഴുക്കി വിട്ടാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഉപകനാലുകളിൽ വെളളം എത്തണമില്ല.വൃത്തിയാക്കാത്ത കനാലുകളിൽ വൻ മരങ്ങളും പാഴ്ചെടികളും വളർന്നു നിൽക്കുകയാണ്.ഇൗ ഭാഗത്ത് വെളളം കെട്ടി നിൽക്കുന്നത് കവിഞ്ഞ് വീട്ടുപറമ്പുകളിലൂടെ വഴി തിരിഞ്ഞ് ഒഴുകയായിരുന്നു മുൻ വർഷങ്ങളിൽ.കനാലുകൾ വൃത്തിയാക്കാത്തതിനാൽ ഇത്തവണയും ഇതായിരിക്കും സ്ഥിതി.
ഇറച്ചി മാലിന്യങ്ങൾ കനാലിലേയ്ക്ക്
ഇറച്ചി കടകളിൽ നിന്ന് ചാക്കുകളിൽ കെട്ടി കൊണ്ടുവരുന്ന മാലിന്യം ആളൊഴിഞ്ഞ ഭാഗത്തെ ഉപകനാലുകളിലാണ് തളളുന്നത്.വെളളം ഒഴുക്കി വിടുമ്പോൾ മാലിന്യം ചീഞ്ഞളിഞ്ഞ് ദുർഗന്ധമുണ്ടാകുന്നതും പതിവാണ്.പി.എെ.പി (പമ്പ ഇറിഗേഷൻ പ്രൊജക്ട്) കനാലുകൾ കൂടതലായുളള കോഴഞ്ചരി താലൂക്കിലും ജല ക്ഷാമം നേരിടുന്നു.ഇവിടെയും കനാലുകൾ വൃത്തിയാക്കിയിട്ടില്ല.പി.എെ.പി മെയിൻ കനാൽ തുറന്നെങ്കിലും ഉപകനാലുകൾ വൃത്തിയാക്കാത്തതിനാൽ വെളളം ലഭിക്കാൻ വൈകും.വല്ലന,മാലക്കര,നാൽക്കാലിക്കൽ,കുറിച്ചിമുട്ടം,എരുമക്കാട് ഭാഗങ്ങളിൽ കതിരണിഞ്ഞ നെൽപ്പാടങ്ങൾ വെളളം ഇല്ലാത്തതു കാരണം കരിഞ്ഞ് തുടങ്ങിയതായി കർഷകർ പറയുന്നു.
'' കനാലുകൾ തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ട് വൃത്തിയാക്കുന്നുണ്ട്. ഉപകനാലുകളിൽ വെളളം എത്താൻ രണ്ടാഴ്ചയെടുക്കും. അതിനുമുൻപ് കനാൽ വൃത്തിയാക്കാനാണ് ശ്രമം.
ബി.ഡി.ഒ
പറക്കോട് ബ്ളോക്ക് പഞ്ചായത്ത്
-------------------------
കലഞ്ഞൂർ, കൊടുമൺ,ഏനാദിമംഗലം,വളളിക്കോട്,പളളിക്കൽ,കടമ്പനാട്,ഏറത്ത്, ഏഴംകുളം പഞ്ചായത്തുകളും അടൂർ നഗരസഭയും കടുത്ത ജലക്ഷാമം
----------------------------
-മണ്ണിടിഞ്ഞ് വീണ് കനാലുകൾ നികന്നു
-പാടങ്ങളിൽ കതിരിട്ട നെല്ലുകൾ കരിഞ്ഞു
- ഉപകനാലുകളുടെ ഷട്ടറുകൾ തുറക്കുന്നില്ല