പത്തനംതിട്ട: കടമ്പനാട് ഗ്രാമ പഞ്ചായത്തിലെ പദ്ധതി പ്രവർത്തനങ്ങളും ഫണ്ട് വിനിയോഗവും വിജിലൻസ് അന്വേഷിക്കണമെന്ന് കോൺഗ്രസ് അംഗങ്ങൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2018-19 ഒാഡിറ്റ് റിപ്പോർട്ട് അനുസരിച്ച് വികസന ഫണ്ടിനത്തിൽ 18.27ലക്ഷം, പട്ടികജാതി വികസന ഫണ്ട് 12.99 ലക്ഷം, കേന്ദ്രഗ്രാന്റ് 32.01ലക്ഷം, റോഡ് അറ്റകുറ്റപ്പണിക്കുളള 30ലക്ഷം എന്നിങ്ങനെ തുകകൾ ലാപ്സാക്കി. 228 പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതിൽ 144 എണ്ണമാണ് നടപ്പാക്കിയത്. പഞ്ചായത്ത് ഒാഫീസ് നിർമാണത്തിനായി ഹോംടെക് എന്ന സ്വകാര്യ സ്ഥാപനത്തിന് ടെൻഡറില്ലാതെ 19ലക്ഷം രൂപ നൽകി.

പല പദ്ധതികളുടെ ലക്ഷങ്ങൾ ലാപ്സായിട്ടും ഭരണസമിതി കുറ്റകരമായ അനാസ്ഥയാണ് നടത്തിയത്. ഫണ്ട് ലാപ്സാക്കിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ്. പഞ്ചായത്ത് കമ്മറ്റിയിലോ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റിയിലോ ചർച്ച ചെയ്യാതെ പദ്ധതി നടപ്പാക്കാൻ ശ്രമിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി. കൃഷ്ണകുമാർ രാജിവച്ചു.

വാർത്താസമ്മേളനത്തിൽ സി.കൃഷ്ണകുമാർ, കെ.ജി.ശിവദാസൻ, ബിജിലി ജോസഫ്, കെ.മനോജ് എന്നിവർ പങ്കെടുത്തു.