തിരുവല്ല: ഏറെക്കാലമായി കാത്തിരിക്കുന്ന നെടുമ്പ്രം പഞ്ചായത്തിലെ ഓട്ടാഫീസ് കടവ് പാലത്തിന് അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിന് മാത്യു ടി.തോമസ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 26.08 ലക്ഷം രൂപയുടെ പണികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് ഭരണാനുമതി ലഭിച്ചു. ദീർഘനാളുകളായി ആവശ്യപ്പെട്ടിരുന്ന ഓട്ടാഫീസ് കടവിലെ പാലം പണി കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് 2010ൽ ആരംഭിച്ചതാണ്. പണികൾ 2016നു ശേഷം വേഗത്തിലാക്കിയെങ്കിലും അപ്രതീക്ഷിതമായി വന്ന ചെലവുകൾ കാരണം അപ്രോച്ച് റോഡിന് പണം തികയാതെ വന്നു. ഒരു ഭാഗത്തെ അപ്രോച്ച് റോഡ് മാത്രമായി പണികൾ നടത്തുന്നതിന് നാട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ശേഷിക്കുന്ന ഭാഗത്തെ പ്രവർത്തികൾക്ക് ആസ്തി വികസന ഫണ്ട് ലഭ്യമാക്കാമെന്ന് എം.എൽ.എ അറിയിച്ച് പണികൾ തുടരുകയായിരുന്നു. പാലത്തിന്റെ കിഴക്കേ ഭാഗത്ത് അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിന് പൊതുമരാമത്ത് പാലങ്ങൾ വിഭാഗം തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് തുക അനുവദിച്ചത്. നിർമ്മാണ ചുമതല പി.ഡബ്ല്യൂ.ഡിയ്ക്ക് തന്നെയായിരിക്കും. ഇതോടൊപ്പം കാരണശ്ശേരി - ഓട്ടാഫീസ് കടവ് - മലങ്കര കത്തോലിക്കപ്പള്ളി - പാലച്ചുവട് റോഡ് പുനരുദ്ധാരണത്തിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 18 ലക്ഷം രൂപയ്ക്കും ഭരണാനുമതി ലഭിച്ചു.തദ്ദേശസ്വയംഭരണ വകുപ്പിനായിരിക്കും ഈ പണിയുടെ ചുമതല.രണ്ടു പ്രവർത്തികൾക്കുമായി 44.08 രൂപായ്ക്കാണ് ഭരണാനുമതി കിട്ടിയിട്ടുള്ളത്.