26-suryanarayana

തിരുവല്ല: കേരളത്തിൽ ഭൂഗർഭ ജലത്തിന്റെ ലഭ്യത ഗണ്യമായ അളവിൽ കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്രഭൂഗർഭജല വകുപ്പ് കേരളമേഖലാ ഡയറക്ടർ ഡോ.കെ.ആർ.സൂര്യനാരായണ പറഞ്ഞു. ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളേജ് സയൻസ് ക്ലബ്ബിന്റെയും ഭൂമിത്ര ക്ലബ്ബിന്റെയും പമ്പ പുനർജനിയുടെയും സംയുക്താഭിമുഖ്യത്തിൽ പുഴകൾ ഭാവിയിലേക്ക് എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഏകദിന ദേശീയ സെമിനാറും ശില്പശാലയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമീപഭാവിയിൽ ഭീതികരമായ ജലദൗർലഭ്യം ഉണ്ടാകുമെന്നു അടുത്തകാലത്ത് നടന്ന പഠനവിവരത്തെ അടിസ്ഥാനമാക്കി അദ്ദേഹം പറഞ്ഞു. കേന്ദ്രജലവകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ വി.മോഹൻ മുരളി മുഖ്യപ്രഭാഷണം നടത്തി. നദികളുടെയും ജലശ്രോതസുകളുടെയും പുനരുജ്ജീവനം ലക്ഷ്യമാക്കി ജലഖരമാലിന്യ നിർമ്മാർജ്ജനത്തിനായി നടപടി സ്വീകരിക്കണമെന്ന് പമ്പാ പുനർജ്ജനി പ്രസിഡന്റ് എൻ.രാധാകൃഷ്ണൻനായർ പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എസ്. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മഴവെള്ള സംഭരണം ആർട്ടിഫിഷ്യൽ റീച്ചാർജ്ജിലൂടെ എന്ന വിഷയത്തിൽ കേന്ദ്ര ഭൂഗർഭജലവകുപ്പ് ശാസ്ത്രജ്ഞ വി.ആർ.റാണിയും പമ്പയിലെ ഗുണനിലവാരപഠനം എന്ന വിഷയത്തിൽ കേന്ദ്രജലവകുപ്പ് അസി.റിസർച്ച് ഓഫീസർ മൃണാൾ ബറുവയും ക്ലാസ്സെടുത്തു. പമ്പാപുനർജ്ജനി ജന.സെക്രട്ടറി പി.വി.ജഗദാനന്ദ്, ഡോ.നിത, ഡോ.ഗംഗ, അനീഷ് എൻ.കുറുപ്പ്, വി.ജി. വിശ്വനാഥൻ, സിരേഷ് അമ്പീരേത്ത് എന്നിവർ പ്രസംഗിച്ചു.