പത്തനംതിട്ട: റിട്ടേൺ ഫയൽ ചെയ്യാനുണ്ടാകുന്ന കാലതാമസത്തിന്റെ പേരിൽ വ്യപാരികളിൽ നിന്ന് ഭീമമായ തുക പിഴ ഇൗടാക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള വ്യാപാര വ്യവസായി ഏകോപന സമിതി (ഹസൻകോയ വിഭാഗം) സംസ്ഥാന പ്രസിഡന്റ് ജോബി വി.ചുങ്കത്ത്, ജനറൽ സെക്രട്ടറി സി.എച്ച് അലിക്കുട്ടി എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ജി.എസ്.ടി സൈറ്റിലെ തകരാർ മൂലം മൊബൈലിൽ ഒ.ടി.പി നമ്പർ യഥാസമയം കിട്ടാത്തതാണ് റിട്ടേൺ ഫയൽ ചെയ്യാൻ താമസമുണ്ടാക്കുന്നത്. ഒ.ടി.പി നമ്പർ കൊടുത്താൽ ഒരു ദിവസം കഴിഞ്ഞാണ് മെയിൽ എെഡിയിൽ വരുന്നത്. തകരാർ കാരണം ഡിസംബറിലെ റിട്ടേൺ 90ശതമാനം വ്യാപാരികൾക്കും ഫയൽ ചെയ്യാൻ കഴിഞ്ഞില്ല. ജി.എസ്.ടി നെറ്റ് വർക്കിന്റെ ശേഷി കൂട്ടാതെ പ്രശ്നത്തിന് പരിഹാരമില്ല.
പരിശോധനയുടെ പേരിൽ ഉദ്യോഗസ്ഥർ വ്യാപാരികളെ പീഡിപ്പിക്കുകയാണ്. സാങ്കേതിക കാരണത്താൽ റിട്ടേൺ ഫയൽ ചെയ്യാൻ താമസിക്കുമ്പോൾ പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥർ അപ്പോൾ തന്നെ പിഴ ചുമത്തുകയാണ്.
ബദൽ സംവിധാനത്തിന് സാവകാശം നൽകാതെയാണ് സംസ്ഥാനത്ത് പ്ളാസ്റ്റിക് നിരോധനം ഏർപ്പെടുത്തിയത്. വൻകിട കമ്പിനികൾക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ചെറുകിട സംരംഭകർക്കും ലഭ്യമാക്കണം. ഒാൺലൈൻ വ്യാപാരം നിയന്ത്രിക്കാൻ നടപടി വേണമെന്ന് സമിതി ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര, വർക്കിംഗ് പ്രസിഡന്റ് ടി.എഫ് സെബാസ്റ്റ്യൻ, ട്രഷറർ കെ.എസ്.രാധാകൃഷ്ണൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.