തിരുവല്ല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസാ അദ്ധ്യാപകൻ അറസ്റ്റിലായി. നിരണം പനച്ചമൂട് പെരുമുറ്റത്ത് ലക്ഷംവീട്ടിൽ അബ്ദുൾ ജലീൽ (36) ആണ് അറസ്റ്റിലായത്. അബ്ദുൾ ജലീൽ അദ്ധ്യാപകനായ മദ്രസയിലെ പതിമൂന്നുകാരിയായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ഒരു വർഷമായി ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നു. പീഡനം സഹിക്കവയ്യാതായതോടെ പെൺകുട്ടി വിവരം മാതാപിതാക്കളെ അറിയിച്ചു. മാതാപിതാക്കൾ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പുളിക്കീഴ് സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.രാജപ്പന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ രാവിലെ പ്രതിയെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.