തിരുവല്ല: നഗരസഭാ കുടുംബശ്രീ ഫണ്ടുകളിൽ സാമ്പത്തിക തട്ടിപ്പും തിരിമറിയും നടത്തിയെന്ന കുടുംബശ്രീ അംഗങ്ങളുടെ പരാതിയിന്മേൽ നഗരസഭാ ഓഫീസിൽ വിജിലൻസ് സംഘം മിന്നൽ പരിശോധന നടത്തി. കുടുംബശ്രീ മെമ്പർ സെക്രട്ടറിയുടെ ഓഫീസ് മുറിയിലെ ഫയലുകൾ പരിശോധിച്ചു. നഗരസഭ വെസ്റ്റ് സി.ഡി.എസ് ചെയർപേഴ്സണായിരുന്ന ആശാ സുദർശൻ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണം സംബന്ധിച്ച് അന്വേഷണം നടത്താനാണ് ഇന്നലെ ഉച്ചയ്ക്ക്ശേഷം മുൻസിപ്പൽ ഓഫിസിൽ പരിശോധന നടത്തിയത്. നഗരസഭയിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിലെ 12 അംഗങ്ങൾ നഗരസഭാ ചെയർമാനും ജില്ലാ മിഷനുമടക്കം നൽകിയ പരാതിയെ തുടർന്ന് നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തിൽ മുമ്പ് അന്വേഷണത്തെ നടന്നിരുന്നു. വിജിലൻസ് സി.ഐ ഹരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.