കോഴഞ്ചേരി : ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഓമല്ലൂർ നെൽകൃഷി വികസന സംഘത്തിന്റെ സഹകരണത്തോടെ ഓമല്ലൂർ ഗ്രാമപഞ്ചായത്തിലെ പടിഞ്ഞാറെ മുണ്ടകൻ പാടശേഖരത്തിലെ കൊയ്ത്തുത്സവവും വിളവെടുപ്പും 27ന് നടക്കും. രാവിലെ 9 ന് ഇലന്തൂർ ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം ഉദ്ഘാടനം ചെയ്യും. ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീതാ വിജയൻ അദ്ധ്യക്ഷത വഹിക്കും.
ജൈവ രീതിയിൽ നടത്തിയ കൃഷിക്ക് മികച്ച വിളവാണ് ലഭിച്ചത്. ഇവിടെ നിന്ന് ലഭിക്കുന്ന നെല്ല് അരിയാക്കിയും അല്ലാതെയും നാട്ടുകാർക്ക് വില്പന നടത്തും. ഒരു കിലോ നെല്ലിന് 28 രൂപയും അരിക്ക് 60 രൂപയുമാണ് വില. കച്ചി ആവശ്യമുള്ള ക്ഷീരകർഷകർക്ക് അത് ഉണക്കി കെട്ടി നൽകും. ആവശ്യമുള്ളവർ ഓമല്ലൂർ കൃഷി ഭവനിലോ പാടശേഖര ഭാരവാഹികളുമായോ ബന്ധപ്പെടണമെന്ന് രക്ഷാധികാരി ഡോ. റാം മോഹൻ, പ്രസിഡന്റ് പ്രസന്നകുമാരൻ നായർ, സെക്രട്ടറി കെ. രാജശേഖരൻ നായർ എന്നിവർ അറിയിച്ചു.
പടിഞ്ഞാറെ മുണ്ടകൻ പാടശേഖര സമിതി, ഓമല്ലൂർ ഗ്രാമപഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, ഓമല്ലൂർ കൃഷി ഭവൻ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സഹകണത്തോടെ ജൈവ രീതിയിലാണ് കൃഷി നടത്തിയത്.
2015 ൽ 45 ഹെക്ടർ മാത്രമായിരുന്നു ബ്ലോക്ക് പഞ്ചായത്തിലെ ആകെ നെൽകൃഷി. 2020 ൽ 275 ഹെക്ടർ കൃഷിയിറക്കുവാൻ കഴിഞ്ഞത് ചരിത്ര നേട്ടമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.പി.രാജേഷ്‌കുമാർ കൃഷി അസി. ഡയറക്ടർ ജോർജ്ജ് ബോബി എന്നിവർ അറിയിച്ചു.
കഴിഞ്ഞ നാല് വർഷമായി ആറ് പഞ്ചായത്തുകളിൽ നടന്ന നെൽകൃഷി വിപ്ലവത്തിന് 80 ലക്ഷത്തോളം രൂപ ചെലവഴിച്ചു. പദ്ധതി വിതരണത്തിൽ 100 ശതമാനം തുക കാർഷിക മേഖലകളിൽ ചെലവഴിച്ചു. പോർട്ടബിൾ റൈസ് മിൽ ഇലന്തൂർ ബ്ലോക്ക് കൃഷിവകുപ്പിന്റെ സഹകരണത്തോടെ ഉടൻ ആരംഭിക്കും.
ജെറിമാത്യു സാം
ഇലന്തൂർ ബ്ളോക്ക് പ്രസിഡന്റ്